ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്ക് ഇന്ത്യന്‍ ടീമില്‍ കയറണമെങ്കില്‍ ശാരീരികക്ഷമത തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്. പരിക്കുമൂലമാണ് രോഹിത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയത്. ടീമിലിടം ലഭിക്കണമെങ്കില്‍ താരം ഇന്ത്യന്‍ ടീം ഫിസിയോയ്ക്ക് മുന്നില്‍ ശാരീരികക്ഷമത തെളിയിക്കണം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫിറ്റ്‌നെസ് തെളിയിച്ചാല്‍ താരത്തിന് ഓസ്‌ട്രേലിയയിലേക്ക് പറക്കാം. 

കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ താരം മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിക്കാനിറങ്ങിയിരുന്നില്ല. മുംബൈയുടെ നായകനായ രോഹിത്ത് ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ വിശ്വസ്തനായ രോഹിത് ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ചില്ലെങ്കില്‍ ടീമിന്റെ കെട്ടുറപ്പിനെ അത് ബാധിക്കും. താരത്തിന്റെ പരിക്കിനെക്കുറിച്ച് മുംബൈ ഇന്ത്യന്‍സ് വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ല.

അവസാന ടെസ്റ്റ് മത്സരങ്ങളില്‍ നായകന്‍ വിരാട് കോലി കളിക്കാത്ത സ്ഥിതിയ്ക്ക് രോഹിത്തിനായിരിക്കും നായകസ്ഥാനം. രോഹിത്തിന് ടീമിലിടം നേടാനായില്ലെങ്കിൽ അജിങ്ക്യ രഹാനെയാകും ടീമിനെ നയിക്കുക.

Content Highlights: Rohit Sharma won't travel to Australia unless he clears a fitness Test conducted by Team India physio