ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ പുതിയൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരെ എല്ലാ ഫോര്‍മാറ്റിലും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്.

ഈ നേട്ടം കൈവരിച്ച ലോകത്തിലെ രണ്ടാമത്തെ മാത്രം താരമാണ് രോഹിത്. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലാണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്. രോഹിത് ഇംഗ്ലണ്ടിനെതിരേ നേടുന്ന ആദ്യ സെഞ്ചുറിയാണ് ഇന്ന് പിറന്നത്. ഇതിനുമുന്‍പ് ട്വന്റി 20യിലും ഏകദിനത്തിലും രോഹിത് സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുണ്ട്. 

കരിയറിലെ ഏഴാം സെഞ്ചുറിയാണ് രോഹിത് ഇന്ന് നേടിയത്. രോഹിത്തിന്റെ സെഞ്ചുറിയുടെ മികവില്‍ വലിയ തകര്‍ച്ചയില്‍ നിന്നും ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കരകയറി.

Content Highlights: Rohit Sharma slams 7th Test ton, becomes 2nd player after Chris Gayle to achieve unique feat against England