മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ തകര്‍ത്തടിച്ച രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് കുറിച്ചത് പുതിയൊരു റെക്കോഡ്. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ സഖ്യമെന്ന നേട്ടമാണ് ഈ കൂട്ടുകെട്ട് സ്വന്തമാക്കിയത്.
8227 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ - സൗരവ് ഗാംഗുലി സഖ്യം മാത്രമാണ് ഇവര്‍ക്കു മുന്നിലുള്ളത്. 4387 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ - സെവാഗ് സഖ്യത്തെയാണ് രോഹിത്തും ധവാനും മറികടന്നത്. നാലാം ഏകദിനത്തില്‍ 193 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
176 ഇന്നിങ്സുകളില്‍ നിന്നാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ - സൗരവ് ഗാംഗുലി സഖ്യം 8227 റണ്‍സ് സ്‌കോര്‍ ചെയ്തത്. 4332 റണ്‍സെടുത്ത ദ്രാവിഡ് - ഗാംഗുലി സഖ്യമാണ് നാലാമത്. 4328 റണ്‍സ് നേടിയ രോഹിത് - കോലി സഖ്യം തൊട്ടുപിന്നിലുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണിങ് വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത നാലാമത്തെ സഖ്യമാണ് രോഹിത് - ധവാന്‍ കൂട്ടുകെട്ട്. 136 ഇന്നിങ്‌സുകളില്‍ ഓപ്പണ്‍ ചെയ്ത് സച്ചിന്‍ - ഗാംഗുലി സഖ്യം നേടിയ 6606 റണ്‍സാണ് ഇക്കൂട്ടത്തിലെ റെക്കോഡ്. 5372 റണ്‍സടിച്ചുകൂട്ടിയ ആദം ഗില്‍ക്രിസ്റ്റ് - മാത്യു ഹെയ്ഡന്‍ സഖ്യമാണ് രണ്ടാമത്.
ഇന്ത്യയ്ക്കായി ഇത് ആറാം തവണയാണ് രോഹിത് - ധവാന്‍ സഖ്യം 150-ന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്നത്. ഏകദിനത്തില്‍ ഇത് 15-ാം തവണയാണ് ഇരുവരും 100 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്നത്. 21 തവണ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ - സൗരവ് ഗാംഗുലി സഖ്യവും 16 തവണ 100 പിന്നിട്ട ആദം ഗില്‍ക്രിസ്റ്റ് - മാത്യു ഹെയ്ഡന്‍ സഖ്യവുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
Content Highlights: rohit sharma shikhar dhawan surpass sachin tendulkar virender sehwag