Photo: PTI
ചെന്നൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര കൈവിട്ടതിന്റെ നിരാശയിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലെ ഒന്നാം റാങ്കും ഇന്ത്യയ്ക്ക് നഷ്ടമായി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയെ കീഴടക്കി ഓസ്‌ട്രേലിയ വിജയം നേടുമ്പോള്‍ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം ബാറ്റര്‍മാരുടെ ചുമലിലാണ്.
തകര്‍പ്പന്‍ തുടക്കം കിട്ടിയിട്ടും ഇന്ത്യന്‍ മധ്യനിര ബാറ്റര്‍മാര്‍ക്ക് അത് മുതലാക്കാനായില്ല. അതിലേറെ പഴി കേള്‍ക്കുന്നത് സൂര്യകുമാര്‍ യാദവിനാണ്. നേരിട്ട ആദ്യ പന്തില്‍ താരം പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും പുറത്തായത് ഏവരെയും നിരാശപ്പെടുത്തിയിട്ടുണ്ട്. മത്സരശേഷം സൂര്യകുമാറിനെതിരേ നായകന്‍ രോഹിത് ശര്‍മ രംഗത്തെത്തുകയും ചെയ്തു.
' സൂര്യകുമാര്‍ ഈ പരമ്പരയില്‍ ആകെ കളിച്ചത് മൂന്നേ മൂന്ന് പന്തുകളാണ്. അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ പറയുന്നില്ല. മൂന്ന് മികച്ച പന്തുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. സത്യസന്ധമായി പറഞ്ഞാല്‍ മൂന്നാം ഏകദിനത്തില്‍ അദ്ദേഹം ഔട്ടായ പന്ത് അനായാസം കളിക്കാവുന്നതാണ്. സൂര്യകുമാറിന് മുന്നോട്ട് കയറി കളിക്കാമായിരുന്നു. അദ്ദേഹം സ്പിന്‍ ബൗളര്‍മാരെ നന്നായി നേരിടുന്ന കളിക്കാരനാണ്. അത് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നമ്മള്‍ കാണുന്നുമുണ്ട്. പക്ഷേ ഇന്നലെ അത് നടന്നില്ല. അവസാന 15-20 ഓവര്‍ കളിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹത്തെ പ്രധാനമായും ടീമിലെടുത്തത്. എന്നിട്ട് കളിച്ചത് വെറും മൂന്ന് പന്തുകള്‍ മാത്രം' -രോഹിത് പറഞ്ഞു.
സൂര്യകുമാറിന് സംഭവിച്ചത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വാസക്കുറവില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. സൂര്യകുമാര്‍ ആദ്യ രണ്ട് മത്സരങ്ങളും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ ആഷ്ടണ്‍ ആഗറുടെ പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡായി.
Content Highlights: Rohit Sharma's Honest Take On Suryakumar Yadav After Loss
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..