ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ മികച്ച നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. 

ഫെബ്രുവരി അവസാനം പുറത്തിറങ്ങിയ ടെസ്റ്റ് റാങ്കിങ്ങില്‍ ആറു സ്ഥാനങ്ങള്‍ മുന്നോട്ടുകയറി രോഹിത് എട്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് രോഹിത്തിന് നേട്ടമായത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 161 റണ്‍സെടുത്ത രോഹിത് മൂന്നാം ടെസ്റ്റിലെ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 66 റണ്‍സടിച്ചിരുന്നു.

ഇതിനു മുമ്പ് 2019 ഒക്ടോബറില്‍ 10-ാം സ്ഥാനത്തെത്തിയതായിരുന്നു രോഹിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്.

919 പോയന്റുമായി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. സ്റ്റീവ് സ്മിത്ത് (891), മാര്‍നസ് ലബുഷെയ്ന്‍ (878), ജോ റൂട്ട് (853) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി 836 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. ചേതേശ്വര്‍ പൂജാര 10-ാം സ്ഥാനത്തേക്ക് വീണു.

3 ടെസ്റ്റില്‍ നിന്ന് 298 റണ്‍സുമായി പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്.

അതേസമയം ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നാല് സ്ഥാനങ്ങള്‍ മുന്നോട്ടു കയറി ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍ മൂന്നാം സ്ഥാനത്തെത്തി. 

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ 10 പേരിലുള്ള ഒരേയൊരു സ്പിന്നര്‍ അശ്വിനാണ്.

Content Highlights: Rohit Sharma reaches career-best 8th spot in ICC Test Rankings