ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരേ ടീം ഇന്ത്യ ആദ്യ ട്വന്റി 20 പരാജയം നേരിട്ട മത്സരത്തില്‍ റെക്കോഡ് ബുക്കിലിടം നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര ട്വന്റി 20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോഡാണ് രോഹിത്തിനെ തേടിയെത്തിയത്. 98 മത്സരങ്ങള്‍ കളിച്ച മുന്‍ നായകന്‍ എം.എസ് ധോനിയെയാണ് രോഹിത് മറികടന്നത്. ബംഗ്ലാദേശിനെതിരായ മത്സരം രോഹിത്തിന്റെ 99-ാം രാജ്യാന്തര ട്വന്റി 20 മത്സരമായിരുന്നു.

ഏറ്റവും കൂടുതല്‍ രാജ്യാന്തര ട്വന്റി 20 മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും രോഹിത്തിനായി. 111 മത്സരങ്ങള്‍ കളിച്ച പാകിസ്താന്റെ ഷുഐബ് മാലിക്കാണ് ഈ പട്ടികയില്‍ ഒന്നാമത്. പാക് താരം തന്നെയായ ഷാഹിദ് അഫ്രിദിയും 99 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഇതോടൊപ്പം ബംഗ്ലാദേശിനെതിരെ എട്ട് റണ്‍സ് കൂടി നേടിയതോടെ ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. 99 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറികളും 17 അര്‍ധ സെഞ്ചുറികളുമുള്‍പ്പെടെ 2,452 റണ്‍സാണ് രോഹിത് ശര്‍മ ഇതുവരെ നേടിയിട്ടുള്ളത്. 72 മത്സരങ്ങളില്‍ നിന്ന് 2450 റണ്‍സ് നേടിയ വിരാട് കോലിയെയാണ് രോഹിത് പിന്നിലാക്കിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തിനു മുമ്പ് കോലിയിലേക്കാള്‍ എഴു റണ്‍സ് മാത്രം പിറകിലായിരുന്നു രോഹിത്.

അതേസമയം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ഏഴു വിക്കറ്റ് ജയമാണ് ബംഗ്ലദേശ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

Content Highlights: Rohit Sharma overtakes Virat Kohli and ms dhoni