ജയ്പൂര്‍: ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരെ മൂന്ന് മത്സര ടി20 പരമ്പരയ്ക്ക് ഇറങ്ങുകയാണ്. പുതിയ നായകനായി രോഹിത് ശര്‍മ്മയും പരിശീലകനായി രാഹുല്‍ ദ്രാവിഡും അരങ്ങേറുന്ന മത്സരം എന്ന പ്രത്യേകതയുമുണ്ട് സവായ്മാന്‍സിങ് സ്റ്റേഡിയത്തിലെ ആദ്യ ടി20 മത്സരത്തിന്. നായകനല്ലെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് വിരാട് കോലി മടങ്ങിയെത്തും. അപ്പോള്‍ കോലി എന്ത് റോളായിരിക്കും ടീമില്‍ വഹിക്കുകയെന്ന് തുറന്ന് പറയുകയാണ് ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത് ശര്‍മ്മ.

വിരാട് ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ മുന്‍പ് എന്താണോ അദ്ദേഹം ചെയ്തത് അത് തുടരും. കോലിയേപ്പോലെ ഒരു സീനിയര്‍ ബാറ്ററുടെ അനുഭസമ്പത്തും മികവും ടീമിന് എന്നും മുതല്‍ക്കൂട്ടായിരിക്കുമെന്നും രോഹിത് പറഞ്ഞു. കോലിയുടെ സാന്നിധ്യം ടീമിന്റെ കരുത്ത് കൂട്ടുകയേയുള്ളൂവെന്നും രോഹിത് പറയുന്നു. ടി20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിയുമെന്ന് കോലി മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. ഏകദിന ടീമിന്റെ നായകസ്ഥാനവും കോലി ഒഴിഞ്ഞേക്കും. 

അതേസമയം സ്ഥിരം നായകനായി എത്തുന്നത് ആദ്യമായിട്ടാണെങ്കിലും കോലിയുടെ അഭാവത്തില്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങളിലും രോഹിത് ഇന്ത്യയെ നയിച്ചിട്ടുണ്ട്. 19 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 15 മത്സരങ്ങളിലും രോഹിത്തിന്റെ കീഴില്‍ ഇന്ത്യ വിജയിച്ചു. വെറും നാല് മത്സരങ്ങളില്‍ മാത്രമാണ് ടീം തോറ്റത്. ടി20യില്‍ നിദാഹസ് ട്രോഫിയും ഏകദിനത്തില്‍ 2018ലെ ഏഷ്യാ കപ്പും രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയിട്ടുണ്ട്.

Content Highlights: Rohit sharma opens up about kohlis role when he returns to t20 outfit