ഹൈദരാബാദ്: സമീപകാലത്ത് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച ഫോമിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്ത്യയ്ക്കായി തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന രോഹിത്തിന് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ വിശ്രമം അനുവദിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിരുന്നെങ്കിലും താരം അത് നിരസിക്കുകയായിരുന്നു. 

ഇപ്പോഴിതാ വെള്ളിയാഴ്ച വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20-യില്‍ രോഹിത്തിനെ കാത്തിരിക്കുന്നത് ഒരു അപൂര്‍വ നേട്ടമാണ്. മത്സരത്തില്‍ ഒരു സിക്‌സ് നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 സിക്‌സറുകളെന്ന നേട്ടം രോഹിത്തിന് സ്വന്തമാകും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം പിന്നിടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.

പാകിസ്താന്‍ താരം ഷാഹിദ് അഫ്രിദിയും വിന്‍ഡീസിന്റെ ക്രിസ് ഗെയിലും മാത്രമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. ഗെയിലിന്റെ അക്കൗണ്ടില്‍ 534 സിക്‌സറുകളും അഫ്രിദിയുടെ അക്കൗണ്ടില്‍ 476 സിക്‌സറുകളുമുണ്ട്. നിലവില്‍ രോഹിത്തിന്റെ അക്കൗണ്ടില്‍ 399 സിക്‌സറുകളുണ്ട്.

ഇന്ത്യ - വിന്‍ഡീസ് പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം വെള്ളിയാഴ്ച ഹൈദരാബാദിലാണ്.

Content Highlights: Rohit Sharma one six away from achieving historic milestone