റാഞ്ചി: ടെസ്റ്റില്‍ ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയതോടെ മികച്ച ഫോമിലാണ് രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ ഹോം ഗ്രൗണ്ടിലെ റണ്‍ ശരാശരിയില്‍ ഓസ്ട്രേലിയയുടെ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനെ മറികടക്കാനും രോഹിത്തിനായി.

ടെസ്റ്റില്‍ പത്ത് ഇന്നിങ്സെങ്കിലും കളിച്ചവരില്‍ ബ്രാഡ്മാന്റെ ശരാശരി 98. 22 ആയിരുന്നു. ഞായറാഴ്ച ഇരട്ട സെഞ്ചുറി നേടിയതോടെ ഹോം ഗ്രൗണ്ടില്‍ രോഹിതിന്റെ ശരാശരി 99.84 ആയി. ബ്രാഡ്മാന്റെ 71 വര്‍ഷം പഴക്കമുള്ള ബാറ്റിങ് റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. 255 പന്തുകള്‍ നേരിട്ട രോഹിത് ആറു സിക്‌സും 28 ബൗണ്ടറിയുമടക്കം 212 റണ്‍സെടുത്തു.

കന്നി ഇരട്ട സെഞ്ചുറിയോടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും വീരേന്ദര്‍ സെവാഗിനുമൊപ്പം അപൂര്‍വ നേട്ടത്തിലെത്താനും രോഹിത്തിനായി. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ക്ക് ഉടമയാണ് രോഹിത്. ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും ഇരട്ടസെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്സ്മാനെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമായത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ എന്നിവരാണ് നേരത്തേ ടെസ്റ്റിലും ഏകദിനത്തിലും ഇരട്ടസെഞ്ചുറി നേടിയ താരങ്ങള്‍. ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ സിക്സുകള്‍ എന്ന റെക്കോഡ് ശനിയാഴ്ച രോഹിത് സ്വന്തമാക്കിയിരുന്നു.

നാട്ടില്‍ കളിച്ച 18 ഇന്നിങ്‌സുകളില്‍ നിന്ന് ആറ് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 1298 റണ്‍സാണ് രോഹിത് അടിച്ചെടുത്തിരിക്കുന്നത്. 82*, 51*, 102*, 65, 50*, 176, 127, 14, 212 എന്നിങ്ങനെയാണ് ഇന്ത്യന്‍ മണ്ണിലെ അവസാന ഒമ്പത് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ രോഹിത്തിന്റെ പ്രകടനം.

കൂടാതെ ഒരു ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. വിനു മങ്കാദ്, ബുധി കുന്ദേരന്‍, സുനില്‍ ഗാവസ്‌കര്‍, വിരേന്ദര്‍ സെവാഗ് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇതുവരെ രോഹിത് 529 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ഓപ്പണറെന്ന വീരേന്ദര്‍ സേവാഗിന്റെ റെക്കോര്‍ഡിന് തൊട്ടടുത്താണ് രോഹിത്. 2005-ല്‍ പാകിസ്താനെതിരായ പരമ്പരയില്‍ 544 റണ്‍സ് നേടിയ വീരേന്ദര്‍ സെവാഗാണ് നിലവില്‍ ഈ റെക്കോഡിനുടമ.

Content Highlights: Rohit Sharma newly promoted Test opener landmarks