Photo: DIBYANGSHU SARKAR|AFP
സിഡ്നി: ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവം ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ടീം ഇന്ത്യയെ സംബന്ധിച്ച് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും കോലിയുടെ സ്വാധീനം വളരെ വലുതാണെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.
അതേസമയം കോലിയുടെ അഭാവത്തില്‍ താനായിരുന്നെങ്കില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശക്തമായി പിന്തുണയ്ക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റിനു ശേഷം വിരാട് കോലി ഇന്ത്യയിലേക്ക് മടങ്ങും. കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. പ്രസവസമയത്ത് അനുഷ്കയ്ക്ക് പിന്തുണ നല്കാന് വേണ്ടിയാണ് കോലിയുടെ മടക്കം.
ഡിസംബര്‍ 17-നാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. കോലിയുടെ അഭാവത്തില്‍ നിലവിലെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാകും ടീമിനെ നയിക്കുക.
അതേസമയം പരിക്കിനെ തുടര്‍ന്ന് രോഹിത് ടെസ്റ്റ് ടീമില്‍ കളിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
''വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് അറിയാമായിരുന്നെങ്കില്‍ ഞാനായിരുന്നു ഒരുപക്ഷേ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുകയെങ്കില്‍ ഉറപ്പായും രോഹിത് ശര്‍മയെ ടീമിലെടുക്കും. അത് 100 ശതമാനം ഉറപ്പാണ്. കാരണം കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കേണ്ടത് രോഹിത്താണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും നേതൃത്വമികവും മികച്ചതാണ്. ഐ.പി.എല്ലില്‍ അദ്ദേഹമത് തെളിയിച്ചതുമാണ്. എങ്ങനെ നയിക്കണമെന്ന് രോഹിത്തിനറിയാം. കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ എല്ലാ ഫോര്‍മാറ്റിലും നയിക്കേണ്ടത് രോഹിത്താണെന്നാണ് എന്റെ അഭിപ്രായം.'' - ക്ലാര്‍ക്ക് പറഞ്ഞു.
Content Highlights: Rohit Sharma needs to captain India across formats in Virat Kohli s absence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..