ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായകനായി രോഹിത് ശര്‍മയെ തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ്  ബി.സി.സി.ഐ പുതിയ നായകനെ പ്രഖ്യാപിച്ചത്. ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് രോഹിതിനെ നായകനായി തിരഞ്ഞെടുത്തത്.

നിലവില്‍ ഇന്ത്യയുടെ ട്വന്റി 20 നായകന്‍ കൂടിയാണ് രോഹിത് ശര്‍മ. ഇതോടെ വിരാട് കോലി ഏകദിന നായകസ്ഥാനത്തുനിന്ന് പടിയിറങ്ങും. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായിരിക്കും കോലി ഇന്ത്യയുടെ നായകനാകുക. 

ടെസ്റ്റ് ക്രിക്കറ്റില്‍ അജിങ്ക്യ രഹാനെയ്ക്ക് പകരം രോഹിത് ശര്‍മയെ സഹനായകനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഡിസംബര്‍ 26 നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് പര്യടനം ആരംഭിക്കുക. ആദ്യം ടെസ്റ്റ് മത്സരങ്ങളാണ് നടക്കുക. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കുമൂലം രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍, അക്ഷര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. 

ഇന്ത്യന്‍ ടെസ്റ്റ് ടീം: വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ (സഹനായകന്‍), കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.

നവ്ദീപ് സെയ്‌നി, സൗരഭ് കുമാര്‍, ദീപക് ചാഹര്‍, അര്‍സാന്‍ നാഗ്വാസ്വാല എന്നിവരെ റിസര്‍വ് താരങ്ങളായി പരിഗണിച്ചിട്ടുണ്ട്. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Content Highlights: Rohit Sharma named India's new ODI skipper