മുംബൈ: ഓസ്‌ട്രേലിയക്കെതിരായ മികച്ച ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ഐ.സി.സി റാങ്കിങ്ങില്‍ രോഹിത് ശര്‍മ്മക്ക് മുന്നേറ്റം. നാല് സ്ഥാനം മുന്നില്‍ കയറിയ രോഹിത് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തെത്തി. രോഹിതിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 

ഓസീസിനെതിരായ പരമ്പരയില്‍ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയിരുന്ന രോഹിത് പരമ്പരയിലാകെ 296 റണ്‍സാണ് അടിച്ചെടുത്തത്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സും രോഹിതിന്റെ പേരിലാണ്.

790 പോയിന്റോടെയാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍ അഞ്ചാമതെത്തിയത്. റാങ്കിങ്ങില്‍ ആദ്യ അഞ്ചിലുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടുപിന്നില്‍ ഓസീസ് താരം ഡേവിഡ് വാര്‍ണറുണ്ട്. 12 പോയിന്റിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. 

റാങ്കിങ്ങില്‍ മുന്നേറ്റം നടത്തിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍ അജിങ്ക്യ രഹാനെയും കേദര്‍ ജാദവുമാണ്. നാല് സ്ഥാനം മുന്നില്‍ കയറിയ രഹാനെ 24-ാം സ്ഥാനത്തും കേദര്‍ ജാദവ് 36-ാം റാങ്കിങ്ങിലുമാണ്. ജാദവിന്റെ കരിയറിലെ മികച്ച റാങ്കിങ്ങാണിത്. 

ബൗളര്‍മാരില്‍ നേട്ടമുണ്ടാക്കിയത് അക്‌സര്‍ പട്ടേലാണ്. പത്താം റാങ്കില്‍ നിന്ന് അക്‌സര്‍ ഏഴാം റാങ്കിലെത്തി. ഇമ്രാന്‍ താഹിറാണ് റാങ്കിങ്ങില്‍ ഒന്നാമത്.