രാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം ഏകദിന-ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. 

ട്വന്റി 20 ലോകകപ്പിനുശേഷം നിലവിലെ നായകനായ വിരാട് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം മാത്രം ഏറ്റെടുക്കുമെന്നും മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും ഇന്ത്യയെ രോഹിത് നയിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എം.എസ്.ധോനി വിരമിച്ച ശേഷം ഇന്ത്യയെ നയിക്കുന്നത് കോലിയാണ്. 2014 മുതല്‍ ടെസ്റ്റ് ടീമിന്റെയും 2017 മുതല്‍ ഏകദിന ട്വന്റി-20 ടീമിന്റെയും നായകനാണ് കോലി. കോലിയുടെ കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ടീമിന് വേണ്ടി വലിയ കിരീടം സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. 

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോലി രോഹിത്തുമായും ടീം അധികൃതരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. കോലിയുടെ ആഗ്രഹപ്രകാരമാണ് രോഹിത് നായകസ്ഥാനത്തേക്ക് വരുന്നതെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ സൂചന നല്‍കി. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനുവേണ്ടിയാണ് കോലി ഈ തീരുമാനമെടുത്തത്. ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി മികച്ച പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. അഞ്ചുതവണ രോഹിത് ടീമിനൊപ്പം ഐ.പി.എല്‍ കിരീടം നേടി. കോലി ഇതുവരെ ഒരു ഐ.പി.എല്‍ കിരീടം പോലും നേടിയിട്ടില്ല. രോഹിതിനെ ട്വന്റി-20 ടീമിന്റെ നായകനാക്കണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നു. 

കോലിയുടെ കീഴില്‍ ഇന്ത്യ 95 ഏകദിനങ്ങളില്‍ കളിച്ചു. 65 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 27 മത്സരങ്ങളില്‍ പരാജയപ്പെട്ടു. 45 ട്വന്റി 20 മത്സരങ്ങളിലാണ് കോലി ഇന്ത്യയെ നയിച്ചത്. അതില്‍ 27 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 14 മത്സരങ്ങളില്‍ തോല്‍വി വഴങ്ങി. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാണ് കോലി. 65 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോലി 38 വിജയങ്ങളാണ് സ്വന്തമാക്കിയത്. 

Content Highlights: Rohit Sharma might replace Virat Kohli as Team India's white-ball skipper post T20 World Cup 2021