വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് ഇന്ത്യയുടെ പുതിയ ഓപ്പണിങ് ജോഡി. ഓപ്പണിങ് വിക്കറ്റില്‍ 317 റണ്‍സ് കുറിച്ചശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

ടെസ്റ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ചുറി നേടുന്ന ആദ്യ ഓപ്പണിങ് ജോഡിയാണ് രോഹിത്-മായങ്ക് സഖ്യം.

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരകളിലെ ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോഡും ഈ സഖ്യം സ്വന്തമാക്കി. 1996-ല്‍ കൊല്‍ക്കത്തയില്‍ ഗാരി കേസ്റ്റണും ആന്‍ഡ്ര്യു ഹഡ്‌സണും കൂട്ടിച്ചേര്‍ത്ത 236 റണ്‍സിന്റെ റെക്കോഡാണ് രോഹിത്-മായങ്ക് സഖ്യം മറികടന്നത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 300 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ആദ്യ ഇന്ത്യന്‍ ഓപ്പണിങ് സഖ്യവും ഇതുതന്നെ. ടെസ്റ്റ് ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് ഇന്ത്യന്‍ ഓപ്പണിങ് സഖ്യം മുന്നൂറിനു മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. വിനു മങ്കാദ്-പങ്കജ് റോയ് സഖ്യവും രാഹുല്‍ ദ്രാവിഡ്-വീരേന്ദര്‍ സെവാഗ് സഖ്യവുമാണ് ഇതിനു മുമ്പ് ഇന്ത്യയ്ക്കായി ടെസ്റ്റില്‍ 300 പിന്നിട്ട ഓപ്പണിങ് സഖ്യങ്ങള്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ഒരു ഇന്ത്യന്‍ ഓപ്പണിങ് ജോഡിയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും ഈ സഖ്യം സ്വന്തമാക്കി. 2004-ല്‍ കാണ്‍പൂരില്‍ സെവാഗും ഗംഭീറും ചേര്‍ന്നെടുത്ത 218 റണ്‍സാണ് ഇവര്‍ മറികടന്നത്. 

ഓപ്പണിങ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത് - മായങ്ക് സഖ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏതു വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും സ്വന്തമാക്കി. 2007-ല്‍ ചെന്നൈ ടെസ്റ്റില്‍ വീരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും ചേര്‍ന്നെടുത്ത 268 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ മറികടന്നത്.

Content Highlights: Rohit Sharma, Mayank Agarwal achieve historic triple century opening stand