സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടുമത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയും ബാറ്റ്‌സ്മാന്‍ രോഹിത്ത് ശര്‍മയും കളിക്കില്ല. ശാരീരിക ക്ഷമത തെളിയിക്കാത്തുമൂലമാണ് ഇരുവരും ടീമില്‍ നിന്നും പുറത്തായത്. 

ഐ.പി.എല്ലില്‍ കളിക്കുന്നതിനിടെ ഇരുവര്‍ക്കും പരിക്ക് പറ്റിയിരുന്നു. ഇതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. എന്നാല്‍ അവസാന രണ്ടുമത്സരങ്ങളില്‍ ഇരുവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ഇരുവര്‍ക്കും ഫിറ്റ്‌നെസ് തെളിയിക്കാന്‍ ബി.സി.സി.ഐ അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ശാരീരികക്ഷമത തെളിയിക്കാത്ത പക്ഷം രോഹിത്തിന് പകരം ശ്രേയസ് അയ്യര്‍ ടെസ്റ്റ് ടീമില്‍ കളിച്ചേക്കും. ഇഷാന്തിന് പകരം സിറാജ് ടീമില്‍ സ്ഥാനമുറപ്പിച്ചേക്കും. 

രോഹിത്തും ഇഷാന്തും നിലവില്‍ പരിക്കുകള്‍ മാറാനായി വിദഗ്ധ ചികിത്സയിലാണ്. ഒപ്പം പരിശീലനവും നടത്തുന്നുണ്ട്. അവസാന മത്സരങ്ങളില്‍ വിരാട് കോലി കളിക്കാത്ത സ്ഥിതിയ്ക്ക് രോഹിത്തിന്റെ ടീമിലെടുക്കാന്‍ ബി.സി.സി.ഐ പരമാവധി ശ്രമിക്കും. അങ്ങനെയാണെങ്കില്‍ രഹാനെയ്ക്ക് പകരം രോഹിത്തായിരിക്കും ടീമിനെ നയിക്കുക.

Content Highlights: Rohit Sharma, Ishant Sharma out of first two Tests against Australia