ലാഹോര്‍: ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ ഇന്നിങ്‌സുകള്‍ കാഴ്ചവെച്ച രോഹിത് ശര്‍മയെ പുകഴ്ത്തി മുന്‍ പാക് പേസര്‍ ഷുഐബ് അക്തര്‍.

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗിനേക്കാളും മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള താരം രോഹിത്താണെന്നാണ് അക്തറിന്റെ അഭിപ്രായം.

''വീരേന്ദര്‍ സെവാഗിനേക്കാള്‍ എത്രയോ മികച്ച ബാറ്റിങ് ടെക്‌നിക്കിനുടമയാണ് രോഹിത്. സെവാഗിന് പന്ത് നാലുപാടും പറത്താനുള്ള ആക്രമണ മനോഭാവം മാത്രമാണുള്ളത്. മികച്ച ടൈമിങ്ങും ഷോട്ടുകളിലെ വൈവിധ്യവും രോഹിത്തിന്റെ കൈമുതലാണ്'', അക്തര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ രോഹിത്  ഓപ്പണര്‍ എന്ന നിലയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.

ഇതോടൊപ്പം ഇന്ത്യയില്‍ നടന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ ആറു സിക്സുകള്‍ നേടിയ രോഹിത് രണ്ടാം ഇന്നിങ്സില്‍ ഏഴ് സിക്സുകള്‍ സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ താരം നവ്ജോത് സിങ് സിദ്ദുവിന്റെ 25 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. 1994-ല്‍ ശ്രീലങ്കയ്ക്കെതിരേ ലഖ്നൗവില്‍ നടന്ന ടെസ്റ്റില്‍ എട്ടു സിക്‌സറുളാണ് സിദ്ദു നേടിയത്.

Content Highlights: Rohit Sharma Has Much Better Technique Than Virender Sehwag, Shoaib Akhtar