മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ സെഞ്ചുറിക്ക് അഞ്ചു റണ്‍സകലെ പുറത്തായെങ്കിലും ഇരട്ട നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ രോഹിത് ശര്‍മ. മത്സരത്തില്‍ 92 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഏഴു ബൗണ്ടറികളുമടക്കം രോഹിത് 95 റണ്‍സെടുത്തിരുന്നു.

അതിനിടെ വ്യക്തിഗത സ്‌കോര്‍ 52-ല്‍ എത്തിയപ്പോള്‍ ഏകദിനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒമ്പതാമത്തെ താരമാകാനും രോഹിത്തിനായി. ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോഡും രോഹിത്ത് സ്വന്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയാണ് ഇക്കാര്യത്തില്‍ രോഹിത്ത് മറികടന്നത്.  

57 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത്തിന്റെ ഈ നേട്ടം. 63 ഇന്നിങ്‌സുകളില്‍ നിന്ന് 3000 തികച്ച കോലിയുടെ പേരിലായിരുന്നു ഈ റെക്കോഡ്. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, സെവാഗ്, യുവ്‌രാജ് സിങ്, അസ്ഹറുദീന്‍ എന്നിവരാണ് ഈ പട്ടികയിലെ മറ്റു താരങ്ങള്‍.

കൂടാതെ ഏതെങ്കിലും ഒരു രാജ്യത്ത് കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്ന് 3000 റണ്‍സ് തികച്ച താരങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയ്‌ക്കൊപ്പമെത്താനും രോഹിത്തിനായി. ദക്ഷിണാഫ്രിക്കയില്‍ കളിച്ച 57-ാം ഇന്നിങ്‌സിലാണ് അംലയും 3000 തികച്ചത്.

മാത്രമല്ല മത്സരത്തില്‍ മൂന്നു സിക്‌സറുകള്‍ നേടിയതോടെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. മൊഹാലിയില്‍ രണ്ട് സിക്സറുകള്‍ നേടിയതോടെ ധോനിയുടെ പേരിലുണ്ടായിരുന്ന 217 സിക്‌സറുകളുടെ റെക്കോഡ് രോഹിത് മറികടന്നു. താരത്തിന്റെ പേരില്‍ ഇപ്പോള്‍ 219 സിക്‌സറുകളായി. ആദം സാംപയെറിഞ്ഞ 24-ാം ഓവറിലെ സിക്‌സറിലൂടെയാണ് രോഹിത് ധോനിയെ മറികടന്നത്.

195 സിക്‌സറുകള്‍ അടിച്ച സച്ചിനാണ് പട്ടികയില്‍ മൂന്നാമത്. 189 സിക്‌സറുകളുമായി ഗാംഗുലിയും 153 എണ്ണവുമായി യുവ്‌രാജ് സിങ്ങുമാണ് പിന്നാലെയുള്ളത്.

Content Highlights: rohit sharma goes past ms dhoni and virat kohli