റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ജയം കണ്ടെത്തിയതോടെ മുഴുവന്‍സമയ ക്യാപ്റ്റനായ ശേഷമുള്ള ആദ്യ പരമ്പര വിജയം എന്ന നേട്ടം രോഹിത് ശര്‍മ സ്വന്തമാക്കിയിരുന്നു. 

ഇന്ത്യന്‍ പരിശീലകനായുള്ള രാഹുല്‍ ദ്രാവിഡിന്റെ ആദ്യ പരമ്പര വിജയം കൂടിയായിരുന്നു ഇത്. മത്സരത്തില്‍ 36 പന്തില്‍ നിന്ന് 55 റണ്‍സുമായി രോഹിത് തിളങ്ങുകയും ചെയ്തു.

രാഹുലിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 80 പന്തില്‍ നിന്ന് 117 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും രോഹിത്തിനായി. 

ട്വന്റി 20 കരിയറിലെ തന്റെ 29-ാം അര്‍ധ സെഞ്ചുറിയാണ് രോഹിത് കഴിഞ്ഞ ദിവസം റാഞ്ചിയില്‍ കുറിച്ചത്. ഇതോടെ രാജ്യാന്തര ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന വിരാട് കോലിയുടെ നേട്ടത്തിനൊപ്പമെത്താനും രോഹിത്തിനായി.

മാത്രമല്ല ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ തവണ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. 13 തവണയാണ് താരം ട്വന്റി 20-യില്‍ 100 കടന്ന കൂട്ടുകെട്ടുകളില്‍ പങ്കാളിയായിട്ടുള്ളത്.

ഇത് അഞ്ചാം തവണയാണ് രോഹിത്-രാഹുല്‍ സഖ്യം ട്വന്റി 20-യില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്നത്. അഞ്ചു തവണ 100 കടന്ന പാകിസ്താന്റെ ബാബര്‍ അസം-മുഹമ്മദ് റിസ്വാന്‍ സഖ്യത്തിന്റെ നേട്ടത്തിനൊപ്പമെത്താനും ഇന്ത്യന്‍ സഖ്യത്തിനായി.

Content Highlights: rohit sharma equalled virat kohli record in the shortest format