സിഡ്‌നി: ഓസീസിനെതിരായ ടി ട്വന്റി പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ അത്ര മികച്ച ഫോമിലായിരുന്നില്ല. സെഞ്ചുറികളും അര്‍ദ്ധ സെഞ്ചുറികളുമായി ഓസീസ് മണ്ണിലെത്തിയ രോഹിത് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. അതു മാത്രമല്ല, ഫീല്‍ഡിങ്ങിനിടയില്‍ നിരാശപ്പെടുത്തുന്ന ഒരു നിമിഷവും രോഹിതിന്റെ ഭാഗത്ത് നിന്നുണ്ടായി. 

ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ ക്യാച്ചിലൂടെ പുറത്താക്കാനുള്ള അവസരമാണ് രോഹിത് നഷ്ടപ്പെടുത്തിയത്. ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം. ഫിഞ്ച് ഉയര്‍ത്തിയടിച്ച പന്ത് ഓടിയെത്തി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു രോഹിത്. എന്നാല്‍ ബാലന്‍സ് തെറ്റി പന്ത് താഴെപ്പോയി. ആ സമയത്ത് 22 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു ഓസീസ് ക്യാപ്റ്റന്‍. ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ രോഹിതിനോടുള്ള നീരസം ക്രുണാല്‍ മറച്ചുവെച്ചില്ല. 

എന്നാല്‍ ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഫിഞ്ചിനെ കുല്‍ദീപ് യാദവ് ക്രുണാലിന്റെ തന്നെ കൈകളിലെത്തിച്ചു. മത്സരത്തിലാകെ നാല് വിക്കറ്റ് വീഴ്ത്തി ക്രുണാല്‍ റെക്കോഡിട്ടിരുന്നു. ക്യാച്ച് കൈവിട്ടതോടെ രോഹിതിനെ പരിഹസിച്ച് നിരവധി ട്രോളികുളാണ് ഇറങ്ങിയത്. സിഡ്‌നിയിലെ ആകാശം എതിരാളിയുടെ വിക്കറ്റിനേക്കാള്‍ മനോഹരമായാല്‍ ഇങ്ങനെ ആയിരിക്കും ഫലം എന്നാണ് ഒരു ട്രോള്‍.

Content Highlights: Rohit Sharma drops a dolly of Aaron Finch during 3rd T20 leaves Krunal Pandya disappointed