Photo: PTI
മുംബൈ: ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ രോഹിത് ശര്‍മ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ഉപാധിവെച്ചിരുന്നതായി റിപ്പോര്‍ട്ട്.
ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം മാത്രമായി ഏറ്റെടുക്കാനാകില്ലെന്നും ഏകദിന ടീമിന്റെ ചുമതല കൂടി നല്കിയെങ്കില് മാത്രമേ താന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ളൂ എന്ന് രോഹിത് സെലക്ടര്‍മാരോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ച രാത്രിയായിരുന്നു ഏകദിന ടീമിന്റെ പുതിയ നായകനായി രോഹിത് ശര്‍മയെ സെലക്ഷന് കമ്മിറ്റി തിരഞ്ഞെടുത്തതായി ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയാന്‍ കോലിക്ക് 48 മണിക്കൂര്‍ അനുവദിച്ചിരുന്നുവെന്നും എന്നാല്‍ വഴങ്ങാതിരുന്നതോടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇക്കാര്യങ്ങളടക്കം മുന്‍നിര്‍ത്തി ആരാധകര്‍ ബിസിസിഐക്കെതിരേ രംഗത്തെത്തിയ സാഹചര്യത്തിലാണ് രോഹിത്തിന്റെ നിലപാടും പുറത്തുവരുന്നത്.
രോഹിത് ശര്‍മയെ ഏകദിന നായകസ്ഥാനത്ത് നിയമിച്ചത് ബോര്‍ഡും സെലക്ടര്‍മാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ രണ്ട് ക്യാപ്റ്റന്മാര് ഉണ്ടാകുന്നതിനോട് സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യം വിരാട് കോലിയെ അറിയിച്ചിരുന്നു. ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറരുതെന്ന് തങ്ങള്‍ കോലിയോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍, കോലി അതിനോട് യോജിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: rohit sharma demanded to take charge of both white-ball formats says reports
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..