ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്ട്‌ലയിലെ ഓസീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ 46 റണ്‍സെടുത്തതോടെ റെക്കോഡ് ബുക്കില്‍ പേരുചേര്‍ത്ത് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. മത്സരത്തിന്റെ 23-ാം ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 46-ല്‍ എത്തിയതോടെ രോഹിത് ഏകദിനത്തില്‍ 8,000 റണ്‍സ് തികച്ചു. 

ഇതോടെ ഏകദിനത്തില്‍ അതിവേഗം 8,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും ഹിറ്റ്മാന്‍ സ്വന്തമാക്കി. 206 ഏകദിനങ്ങളിലെ 200-ാം ഇന്നിങ്‌സിലാണ് രോഹിത് ഈ നേട്ടം കൈവരിക്കുന്നത്. 175 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും 182 ഇന്നിങ്‌സുകളില്‍ നിന്ന് നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. മത്സരത്തില്‍ രോഹിത് 56 റണ്‍സെടുത്ത് പുറത്തായി.

200 ഇന്നിങ്‌സുകളില്‍ നിന്ന് 8,000 തികച്ച  മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോഡിനൊപ്പമാണ് ഇപ്പോള്‍ രോഹിത്. 

8,000 റണ്‍സ് ക്ലബ്ബിലെത്തുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. എം.എസ് ധോനി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയവര്‍. 

ഇന്ത്യയില്‍ ഏകദിനത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒമ്പതാമത്തെ താരമെന്ന നേട്ടം രോഹിത് കഴിഞ്ഞ മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു. കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്ന് 3000 റണ്‍സ് തികച്ച താരമെന്ന നേട്ടത്തില്‍ കോലിയെ മറികടക്കാനും രോഹിതിനായി.

Content Highlights: rohit sharma completes 8000 runs joins virat kohli and ab de villiers