കൊല്‍ക്കത്ത: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഒരു പിടി റെക്കോഡുകളുമായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ട്വന്റി-20 ക്രിക്കറ്റില്‍ 150 സിക്‌സ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തം പേരില്‍ കുറിച്ചു. 
 
ഇന്ത്യയുടെ ഇന്നിങ്‌സിന്റെ ആറാം ഓവറില്‍ ലോക്കി ഫെര്‍ഗൂസനെ സിക്‌സിന് പറത്തിയാണ് രോഹിത് റെക്കോഡിലെത്തിയത്. ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ഈ പട്ടികയില്‍ ഒന്നാമത്. 124 സിക്‌സ് അക്കൗണ്ടിലുള്ള വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് മൂന്നാം സ്ഥാനത്ത്. 
 
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാം സ്ഥാനത്തുണ്ട്. 404 മത്സരങ്ങളില്‍ 454 സിക്‌സാണ് സമ്പാദ്യം. 553 സിക്‌സുമായി ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയില്‍ ഒന്നാമത്. മുന്‍ പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയാണ് രണ്ടാം സ്ഥാനത്ത് (476 സിക്‌സ്).
 
ട്വന്റി-20 ക്രിക്കറ്റില്‍ അമ്പതോ അതിന് മുകളിലോ റണ്‍സ് (50+) ഏറ്റവും കൂടുതല്‍ തവണ സ്‌കോര്‍ ചെയ്ത താരങ്ങളുടെ പട്ടികയില്‍ രോഹിത് ഒന്നാമതെത്തി. ന്യൂസീലന്‍ഡിനെതിരേ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോഡും ഹിറ്റ്മാന്‍ മറികടന്നു. 
 
30 തവണയാണ് രോഹിത് അമ്പതില്‍ അധികം റണ്‍സ് നേടിയത്. വിരാട് കോലി 29 തവണയും. മൂന്നാമതുള്ള പാക് ക്യാപ്റ്റന്‍ ബാബര്‍ അസം 25 തവണയും ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ 22 തവണയും അമ്പതില്‍ അധികം റണ്‍സ് നേടി. 

ന്യൂസീലന്‍ഡിനെതിരേ 31 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്‌സും സഹിതം 56 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.

Content Highlights: Rohit Sharma Becomes 2nd Batter To Hit 150 Sixes In T20Is India vs New Zealand