രോഹിത് ശർമയും വിരാട് കോലിയും | Photo: ANI
നോട്ടിങ്ങാം: കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും സ്വാഭാവികമാണെന്നും ഒന്നോ രണ്ടോ പരമ്പരയില്‍ പരാജയമായി എന്നതുകൊണ്ട് ഒരു കളിക്കാരന്റെ കഴിവിനെ കുറച്ചുകാണരുതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വിരാട് കോലി തുടര്‍ച്ചയായി ചെറിയ സ്കോറില്‍ പുറത്താകുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ ട്വന്റി 20-യില്‍ കോലി ആറു പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായിരുന്നു. ആക്രമിച്ചുകളിച്ച കോലി ഒരു സിക്സും ഒരു ഫോറും നേടിയെങ്കിലും ഇന്നിങ്സ് നീണ്ടുനിന്നില്ല.
''കരിയറില്‍ എല്ലാവര്ക്കും ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകാറുണ്ട്. എനിക്കും മറ്റുള്ളവര്‍ക്കും അങ്ങനെ സംഭവിക്കാം. പക്ഷേ, ടീമിന് വലിയ സംഭാവനകള്‍ നല്കിയ കളിക്കാരന്റെ കഴിവിനെ കുറച്ചുകാണരുത്.
നമ്മള് ശക്തമായ ഒരു ടീമിനെ വളര്‍ത്തിക്കൊണ്ടുവരുകയാണ്. അതിനുപിന്നില്‍ വലിയ ആലോചനയും പ്രയത്നവുമുണ്ട്. ടീമിന് പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാകില്ല. പുറത്തുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നത് ഞങ്ങള്‍ക്ക് പ്രധാനവുമല്ല'' -രോഹിത് പറഞ്ഞു. കോലി ആക്രമിച്ചു കളിച്ചത് ടീമിന്റെ തീരുമാനമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍, ടീമിന്റെയും കളിക്കാരന്റെയും യോജിച്ച തീരുമാനം എന്നായിരുന്നു ഉത്തരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..