ന്യൂഡല്‍ഹി: നേരത്തെ ഒക്ടോബര്‍ 26-ന് ചീഫ് സെലക്ടര്‍ സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി യോഗം ചേര്‍ന്ന് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയം ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു ടീമിലും ഉള്‍പ്പെട്ടില്ല എന്നതായിരുന്നു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച രോഹിത്തിന് പരിക്കേറ്റതാണ് ടീമിലേക്ക് പരിഗണിക്കാതിരിക്കാന്‍ കാരണമെന്നായിരുന്നു ബി.സി.സി.ഐയുടെ വിശദീകരണം.
പരിക്കും ഫിറ്റ്നസില്ലായ്മയും ചൂണ്ടിക്കാണിച്ച് സെലക്ഷന് കമ്മിറ്റി രോഹിത്തിനെ തഴഞ്ഞത് വലിയെ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. പരിക്കിന്റെ പേരുപറഞ്ഞ് സെലക്ടര്‍മാര്‍ രോഹിത്തിന് സ്ഥാനം നിഷേധിച്ചപ്പോള്‍ പരിക്കുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്.
ഇതിനിടെ സെലക്ഷന് കമ്മിറ്റിയുടെ വാദം തള്ളിക്കൊണ്ട് രോഹിത് ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കുകയും ചെയ്തു. ഇതോടെ വിവാദം കൊഴുത്തു. ഇതിനു പിന്നാലെ ഞായറാഴ്ച പ്രത്യേക യോഗം ചേര്‍ന്ന സെലക്ഷന് കമ്മിറ്റി ഇപ്പോഴിതാ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്.
നേരത്തെ ഒരു ടീമിലേക്കും പരിഗണിക്കാതിരുന്ന രോഹിത് ശര്‍മയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. രോഹിത്തിന്റെ ഫിറ്റ്നസ് പരിശോധന റിപ്പോര്‍ട്ട് കണക്കിലെടുത്ത് താരത്തിന് ഓസീസിനെതിരായ ഏകദിന - ട്വന്റി 20 പരമ്പരകളില്‍ വിശ്രമം അനുവദിക്കാനും സെലക്ഷന് കമ്മിറ്റി തീരുമാനിച്ചു. ടീം അംഗങ്ങളുടെ പരിക്ക് സംബന്ധിച്ച ബി.സി.സി.ഐ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് സെലക്ഷന് കമ്മിറ്റി യോഗം ചേര്‍ന്ന് ടീമില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
നേരത്തെ ട്വന്റി 20 ടീമിലേക്ക് പരിഗണിച്ചിരുന്ന തമിഴ്നാട് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഐ.പി.എല്ലിനിടെ തോളിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഒഴിവാക്കുകയും ചെയ്തു. താരത്തിന്റെ പരിക്കിനെ കുറിച്ച് നേരത്തെ ടീം പ്രഖ്യാപിക്കുന്ന സമയത്ത് സെലക്ടര്‍മാര്‍ക്ക് അറിയാമായിരുന്നില്ലെന്നാണ് വിവരം. വരുണിന് പരിക്കുള്ള കാര്യം അദ്ദേഹത്തിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സെലക്ടര്‍മാരെയോ ദേശീയ ക്രിക്കറ്റ് അക്കാദമിയെയോ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒടുവില്‍ ടീം പുറത്തായ ശേഷമാണ് ബന്ധപ്പെട്ട റിപ്പോര്‍ട്ട് ടീം അധികൃതര്‍ ബി.സി.സി.ഐക്ക് കൈമാറിയത്.
ഓസീസ് പര്യടനത്തിനുള്ള ട്വന്റി 20 ടീമില്‍ വരുണിന് പകരം തമിഴ്നാട്ടില്‍ നിന്നു തന്നെയുള്ള പേസ് ബോളര്‍ ടി. നടരാജനെ ഉള്‍പ്പെടുത്തുകയും ചെയ്തു.
നവംബര്‍ 27-ന് സിഡ്നിയില്‍ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയ്ക്ക് തുടക്കമാകുന്നത്. മൂന്ന് വീതം ഏകദിന - ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഡിംസംബര്‍ 17-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക.
Content Highlights: Rohit Sharma back for Test series Controversy finally ends