ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയും പേസര്‍ ഇഷാന്ത് ശര്‍മയും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഓസ്‌ട്രേലിയയിലേക്ക് പോകുന്നില്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇതോടെ പര്യടനത്തിനുള്ള ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോഴുണ്ടായിരുന്നു അനിശ്ചിതത്വം വീണ്ടും ഉടലെടുത്തു. ഐ.പി.എല്ലിനിടെ പരിക്കേറ്റ രോഹിത്തിനെയും ഇഷാന്തിനെയും ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പരിക്ക് മാറി ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ഇരുവരെയും കളിപ്പിക്കാമെന്നായിരുന്നു ബിസിസിഐ നിലപാട്. ഇതിനെ തുടര്‍ന്ന് ഇരുവരെയും ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ പിന്നീട് ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇരുവരും ടെസ്റ്റ് കളിക്കുന്നതിനുള്ള ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. ഇതിനിടെ പിതാവിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രോഹിത് യു.എ.ഇയില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ താരം ഫിറ്റ്‌നസ് വീണ്ടെടുത്താനുള്ള ശ്രമത്തിലുമായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.

അതേസമയം ഓസ്‌ട്രേലിയയിലെ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും രോഹിത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡെലെയ്ഡിലെ ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോലി മടങ്ങുന്നതോടെ, ശ്രേയസ് അയ്യര്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Rohit Sharma and Ishant Sharma were never meant to fly to Australia report