അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന റണ്‍ നേട്ടവും രോഹിത്തിന്റെ പേരിലാണ്. ഡേവിഡ് വാര്‍ണര്‍ (948), ഡീന്‍ എല്‍ഗര്‍ (848) എന്നിവരാണ് രോഹിത്തിന് പിന്നിലുള്ളത്.

അജിങ്ക്യ രഹാനെയ്ക്ക് (1068) ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്. മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏഷ്യന്‍ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ഏഷ്യന്‍ ഓപ്പണറെന്ന നേട്ടവും രോഹിത്തിനാണ്. 17 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് 1000 റണ്‍സ് തികച്ചത്. 19 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ മായങ്ക് അഗര്‍വാളിനെയാണ് രോഹിത് മറികടന്നത്.

Content Highlights: Rohit Sharma 1st opener to score 1000 runs in World Test Championship