Photo: ANI
ദുബായ്: 2021-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ അണിനിരത്തി ലോക ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി. ഇന്ത്യയില്‍ നിന്ന് മൂന്ന് താരങ്ങള്‍ ടീമിലിടം നേടി.
ന്യൂസീലന്‍ഡ് നായകനായ കെയ്ന്‍ വില്യംസണാണ് ടീമിനെ നയിക്കുക. ഇന്ത്യയില്‍ നിന്ന് രോഹിത് ശര്‍മ, ഋഷഭ് പന്ത്, രവിചന്ദ്ര അശ്വിന് എന്നിവര്‍ ടീമിലിടം നേടി. രോഹിത് ഓപ്പണറായും അശ്വിന് ഓള് റൗണ്ടറായും പന്ത് വിക്കറ്റ് കീപ്പിങ് ബാറ്ററായുമാണ് ടീമിലിടം നേടിയത്.
ശ്രീലങ്കയുടെ ദിമുത് കരുണരത്നെയും രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. വണ്‍ ഡൗണായി ഓസ്ട്രേലിയയുടെ മാര്‍നസ് ലബൂഷെയ്ന് വരും. നാലാമനായി ഇംഗ്ലണ്ട് നായകന് ജോ റൂട്ടും അഞ്ചാമനായി കെയ്ന്‍ വില്യംസണും കളിക്കും. ആറാമനായി പാകിസ്താന്റെ ഫവാദ് ആലം ഇടം നേടിയപ്പോള്‍ ഏഴാമനായി പന്ത് കളിക്കും. അശ്വിന്, ന്യൂസീലന്‍ഡിന്റെ കൈല്‍ ജാമിസണ്, പാകിസ്താന്റെ ഹസന് അലി, ഷഹീന് അഫ്രീദി എന്നിവരാണ് ബൗളര്‍മാര്‍.
ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും മൂന്ന് താരങ്ങള്‍ വീതം ടീമിലിടം നേടി. ന്യൂസീലന്‍ഡില്‍ നിന്ന് രണ്ട് താരങ്ങളും ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ താരങ്ങളും ടീമില്‍ സ്ഥാനം നേടി.
നേരത്തേ ട്വന്റി 20 ലോക ഇലവനെ ഐ.സി.സി പ്രഖ്യാപിച്ചപ്പോള്‍ ഒരു ഇന്ത്യന്‍ താരം പോലും ടീമിലിടം നേടിയിരുന്നില്ല. പുരുഷന്മാരുടെ ലോക ഏകദിന ടീമിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടം നേടാനായില്ല. പാക് താരം ബാബര്‍ അസം നയിക്കുന്ന ടീമില്‍ പോള്‍ സ്റ്റെര്‍ലിങ് (അയര്‍ലന്‍ഡ്), ജാനേമാന്‍ മാലാന്‍ (ദക്ഷിണാഫ്രിക്ക), ഫഖര്‍ സമാന് (പാകിസ്താന്), റാസി വാന്‍ ഡെര്‍ ഡ്യൂസന് (ദക്ഷിണാഫ്രിക്ക), ഷാക്കിബ് അല്‍ ഹസ്സന് (ബംഗ്ലാദേശ്), മുഷ്ഫിഖുര്‍ റഹീം (ബംഗ്ലാദേശ്), വാനിന്ദു ഹസരംഗ (ശ്രീലങ്ക), മുസ്താഫിസുര്‍ റഹ്മാന് (ബംഗ്ലാദേശ്), സിമി സിങ് (അയര്‍ലന്‍ഡ്), ദുഷ്മന്ത ചമീര (ശ്രീലങ്ക) എന്നീ താരങ്ങള്‍ അണിനിരക്കുന്നു.
വനിതകളുടെ ലോക ഏകദിന ടീമില്‍ ഇന്ത്യയില്‍ നിന്ന് മിതാലി രാജും ജൂലന്‍ ഗോസ്വാമിയും സ്ഥാനം കണ്ടെത്തി. ഇംഗ്ലണ്ടിന്റെ ഹീത്തര്‍ നൈറ്റാണ് നായിക.
Content Highlights: Rohit, Rishabh Pant and Ashwin named in ICC Men's Test Team of 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..