മുംബൈ: രോഹിത് ശര്‍മ, എ ബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവരെല്ലാം കുറഞ്ഞ ഓവറുകള്‍ കൊണ്ട് മത്സരത്തിന്റെ ഗതി മാറ്റാന്‍ പോന്നവരാണ്. ഏതൊരു ടീമിനെതിരെയും വെടിക്കെട്ട് പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്ന ഇവര്‍ക്ക് പക്ഷേ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്ഥിരതയുടെ കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് കിടപിടിക്കാന്‍ സാധിക്കില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ അഭിപ്രായം. 

കോലി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണെന്നു പറഞ്ഞ ഗംഭീര്‍ ഓരോ പന്തിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കാനുള്ള കഴിവാണ് കോലിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും ചൂണ്ടിക്കാട്ടി. 

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ട് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗംഭീര്‍.  

''നിങ്ങള്‍ രോഹിത് ശര്‍മയെ നോക്കൂ. അദ്ദേഹത്തിന് വിരാട് കോലിക്കുള്ളതു പോലെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാനുള്ള കഴിവില്ല. രോഹിത്തിന് വലിയ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവുണ്ട്, എന്നാല്‍ കോലി രോഹിത്തിനേക്കാള്‍ സ്ഥിരതയുള്ള കളിക്കാരനാകുന്നത് ഈ കഴിവുള്ളതുകൊണ്ടാണ്. അതേപോലെ തന്നെ ഗെയ്‌ലിനോ ഡിവില്ലിയേഴ്‌സിനോ  സ്പിന്‍ ബൗളിങ്ങില്‍ ഓരോ പന്തിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാനുള്ള കഴിവില്ല. പക്ഷേ കോലിക്കതുണ്ട്. അതാണ് കോലിയുടെ ബാറ്റിങ് ശരാശരി 50-ന് മുകളില്‍ നില്‍ക്കുന്നത്'', ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ഈ പറഞ്ഞവരില്‍ മൂന്നു ഫോര്‍മാറ്റിലും 50-ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക താരവും കോലിയാണ്. നിലവില്‍ കോലിക്ക് മാത്രമേ ലോക ക്രിക്കറ്റില്‍ ഈ നേട്ടം അവകാശപ്പെടാനുള്ളൂ.

Content Highlights: Rohit, Gayle, AB de Villiers don’t have that ability of Virat Kohli says Gambhir