ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി മികച്ച ബാറ്റിങ് പുറത്തെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കും ചേതേശ്വര്‍ പൂജാരയ്ക്കും പരിക്ക്. 

രോഹിത്തിന് കാല്‍മുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതായും പൂജാരയ്ക്ക് ഇടത് കണങ്കാലിന് വേദനയുള്ളതായും ബിസിസിഐ അറിയിച്ചു. ഇതോടെ നാലാം ദിനം ഇരുവരും ഫീല്‍ഡിങ്ങിന് ഇറങ്ങില്ല. 

ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ രണ്ടാം വിക്കറ്റില്‍ ഇരുവരും 153 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.

ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചുറി നേടിയ രോഹിത് 256 പന്തുകള്‍ നേരിട്ട് ഒരു സിക്സും 14 ഫോറുമടക്കം 127 റണ്‍സെടുത്തു. മോയിന്‍ അലിയെ സിക്‌സറിന് പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. വിദേശത്ത് രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. 

മോശം ഫോമിന്റെ പേരില്‍ പഴികേട്ടിരുന്ന പൂജാര 127 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികളോടെ 61 റണ്‍സെടുത്തു.

മധ്യനിരയും വാലറ്റവും തിളങ്ങിയതോടെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 466 റണ്‍സെടുത്തു. 368 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചത്. 

Content Highlights: Rohit and Pujara have not taken the field on Day 4 due to injury concerns