ബെംഗളൂരു: ബി.സി.സി.ഐയുമായി നിലവിൽ കരാറില്ലാത്ത താരങ്ങളെ വിദേശ ട്വന്റി-20 ലീഗുകളിൽ കളിക്കാൻ അനുവദിക്കണമെന്ന് ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. നേരത്തെ ഈ ആവശ്യം സുരേഷ് റെയ്നയും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തപ്പ റെയ്നക്ക് പിന്തുണയുമായെത്തിയത്. ബിബിസിയുടെ പോഡ്കാസ്റ്റ് പരിപാടിയായ ദൂസരയിൽ സംസാരിക്കുകയായിരുന്നു ഉത്തപ്പ.

വിദേശ ലീഗുകളിൽ കളിച്ചതിന്റെ പേരിൽ ബി.സി.സി.ഐയുടെ വിലക്ക് വരുന്നത് വേദനിപ്പിക്കുന്നതാണെന്നും ഉത്തപ്പ വ്യക്തമാക്കി. 'ദയവുചെയ്ത് ഞങ്ങളെ കളിക്കാൻ അനുവദിക്കണം. കൂടുതൽ കാലം കളിക്കാതിരുന്ന ശേഷം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമ്പോൾ അതുമായി പൊരുത്തപ്പെടാൻ പ്രയാസമാണ്. ട്രാക്കിലെത്തണമെങ്കിൽ രണ്ടുമൂന്നു മത്സരങ്ങളെങ്കിലുമെടക്കും. അതുകൊണ്ടുതന്നെ ആഭ്യന്തര മത്സരങ്ങളില്ലാത്ത സമയത്ത് വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കണം.' ഉത്തപ്പ വ്യക്തമാക്കി.

വിദേശ ലീഗുകളിൽ കളിക്കുമ്പോൾ കൂടുതൽ താരങ്ങൾക്കൊപ്പം അടുത്തിടപഴകാൻ അവസരം ലഭിക്കുമെന്നും ഇത് ഓരോ താരത്തിന്റേയും കരിയറിന് ഗുണം ചെയ്യുമെന്നും ഉത്തപ്പ വ്യക്തമാക്കുന്നു. സുരേഷ് റെയ്നയും ഉത്തപ്പയുമടക്കമുള്ള താരങ്ങൾ ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടില്ല. എന്നാൽ നിലവിൽ ബി.സി.സി.ഐയുടെ കരാറിന് പുറത്തുമാണ്. ഇന്ത്യൻ ജഴ്സി അണിഞ്ഞത് വർഷങ്ങൾക്ക് മുമ്പാണ്. ഈ സാഹചര്യത്തിലാണ് വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഇരുവരും രംഗത്തെത്തിയത്.

content highlights: Robin Uthappa Urges BCCI To Allow Indians To Play In Foreign T20 Leagues