ബെംഗളൂരു: രഞ്ജി ട്രോഫി പുതിയ സീസണില്‍ മുൻ ഇന്ത്യൻ താരം റോബില്‍ ഉത്തപ്പ സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കും. പാതി മലയാളിയായ ഉത്തപ്പ ഈ സീസണിൽ കേരളത്തിനു വേണ്ടി കളിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ മീഡിയ മനേജര്‍ ഹിമാന്‍ഷു ഷായാണ് ഉത്തപ്പ കളിക്കുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകര്‍ സ്ഥിരീകരിച്ചത്. 

2017-2018 സീസണ്‍ രഞ്ജി ട്രോഫി മത്സരത്തില്‍ ഉത്തപ്പ കേരളത്തെ പ്രതിനിധീകരിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് തവണ രഞ്ജി കിരീടം നേടിയ കര്‍ണാടക ടീമിന്റെ ഭാഗമായിരുന്നു ഉത്തപ്പ. 2015 ലെ വിജയത്തില്‍ നിര്‍ണായക പങ്കാണ് ഉത്തപ്പ വഹിച്ചത്. സീസണിൽ 19 ഇന്നിങ്‌സുകളില്‍ നിന്ന് 912 റണ്‍സാണ് ഈ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ കരസ്ഥമാക്കിയത്.

ഇന്ത്യയ്ക്കുവേണ്ടി 46 ഏകദിനങ്ങളും 13 ടിട്വന്റി മത്സരങ്ങളും കളിച്ചിട്ടള്ള ഉത്തപ്പ, 130 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്ന് 6845 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ 18 സെഞ്ചറികളും 33 അര്‍ധ സെഞ്ചറികളും ഉള്‍പ്പെടും