തിരുവനന്തപുരം: ഇന്ത്യന്‍താരവും മറുനാടന്‍ മലയാളിയുമായ റോബിന്‍ ഉത്തപ്പ അടുത്തസീസണില്‍ കേരള ക്രിക്കറ്റ് ടീമില്‍ കളിച്ചേക്കും. ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുവെന്നും കേരളത്തിനു കളിക്കാനുള്ള സാധ്യത ഏറെയാണെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഉത്തപ്പയ്ക്ക് പുറമേ മറ്റൊരു വമ്പന്‍താരവും കേരള ടീമില്‍ എത്തുമെന്ന് സൂചനയുണ്ട്.

നിയമപ്രകാരം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൂന്നു താരങ്ങളെ ടീമിലുള്‍പ്പെടുത്താം. കഴിഞ്ഞ സീസണില്‍ ഇഖ്ബാല്‍ അബ്ദുള്ള, ജലജ് സക്സേന, ഭവിന്‍ തക്കര്‍ എന്നിവരെയാണ് ടീമിലെടുത്തത്. ഇതില്‍ ഒരാളെ നിര്‍ത്തി രണ്ടുപേരെ പുതുതായി കൊണ്ടുവരാനാണ് കെ.സി.എ.യുടെ ശ്രമം. ഓസ്ട്രേലിയന്‍ പരിശീലകന്‍ ഡേവ് വാട്ട്മോറിനെ കൊണ്ടുവന്നതിനൊപ്പമാണ് വലിയ പരീക്ഷണത്തിന് സംസ്ഥാന അസോസിയേഷന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനം മറികടക്കാനാണ് വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കൂടാതെ സെലക്ഷന്‍ രീതിയിലും യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്ന രീതിയിലും മാറ്റംവരും. രണ്ടാഴ്ചമുമ്പ് നടന്ന കെ.സി.എ. യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്.

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനുവേണ്ടി മികച്ച ഫോമിലാണ് ഉത്തപ്പ. രാജ്യത്തിനായി 46 ഏകദിനങ്ങളിലും 13 ടിട്വന്റി മത്സരങ്ങളിലും കളിച്ചു. കര്‍ണാടകത്തിനുവേണ്ടിയാണ് ആഭ്യന്തരക്രിക്കറ്റില്‍ കളിക്കുന്നത്. മലയാളിയായ റോസിലിനാണ് ഉത്തപ്പയുടെ അമ്മ. അച്ഛന്‍ വേണു ഉത്തപ്പ കര്‍ണാടക സ്വദേശിയും.