ബെംഗളൂരു:  ഗ്രൗണ്ടില്‍ എപ്പോഴും അക്രമണോത്സുകത കാണിക്കുന്ന താരമാണ് എസ് ശ്രീശാന്ത്. ഇന്ത്യന്‍ ടീമില്‍ കളിച്ചപ്പോഴും ശ്രീശാന്ത് ഏറെ പഴികേട്ടത് ഈ അക്രമണോത്സുകതയുടെ പേരിലാണ്. വിക്കറ്റ് വീഴ്ത്തിയാല്‍ പിന്നെ ശ്രീശാന്തിനെ പിടിച്ചാല്‍ കിട്ടില്ല. ആഘോഷം അത്രയ്ക്ക് 'സ്‌ട്രോങ്' ആകും. എന്നാല്‍ ഈ ശൈലി ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് ആരാധകരും നിരവധിയുണ്ട്. 

ശ്രീശാന്തിന്റെ ഈ ദേഷ്യം നിയന്ത്രിക്കാന്‍ അന്ന് ക്യാപ്റ്റനായിരുന്ന എം.എസ് ധോനി കണ്ടുപിടിച്ച 'സൂത്രത്തെ' കുറിച്ച് സംസാരിക്കുകയാണ് റോബിന്‍ ഉത്തപ്പ. 2007-ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ട്വന്റി-20 മത്സരത്തിലെ സംഭവമാണ് ഉത്തപ്പ ഓര്‍ത്തെടുത്തത്. സ്റ്റാന്റ് അപ് കൊമേഡിയനായ സൗരഭ് പന്തിന്റെ യുട്യൂബ് ഷോ 'വേക്ക് അപ്പ് വിത്ത് സൗരഭി'ല്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ. 

2007 ട്വന്റി-20 ലോകകപ്പില്‍ കിരീടം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയുമായി ട്വന്റി-20 മത്സരം കളിച്ചു. അന്നത്തെ ആ മത്സരത്തിലെ സംഭവം ഉത്തപ്പ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. 

'ശ്രീശാന്ത് ബോള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. റണ്‍ അപ് തുടങ്ങിയപ്പോഴേക്കും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ബാറ്റ്‌സ്മാന്‍ (അത് ആന്‍ഡ്രു സൈമണ്ട്‌സ് ആണോ മൈക്ക് ഹസ്സിയാണോ എന്ന് എനിക്ക് ഓര്‍മയില്ല, അവരില്‍ ആരോ ഒരാളാണ് ) ക്രീസില്‍ നിന്ന് കയറി. ഇതോടെ ശ്രീശാന്ത് റണ്‍ അപ് അവസാനിപ്പിച്ച് സ്റ്റമ്പ് ഇളക്കി അമ്പയറോട് ഔട്ടിനായി അപ്പീല്‍ ചെയ്തു. ഇതെല്ലാം കണ്ട് വിക്കറ്റിന് പിന്നിലുണ്ടായിരുന്ന ധോനി ശ്രീശാന്തിന് അടുത്തേക്ക് ഓടിവന്നു. എന്നിട്ട്  ശ്രീശാന്തിനെ മാറ്റിനിര്‍ത്തിയിട്ട് പറഞ്ഞു. 'പോയി ബോള്‍ ചെയ്യൂ ബ്രോ'. 

Content Highlights: Robin Uthappa reveals MS Dhonis hilarious way of handling S Sreesanths hot temper