ബംഗളൂരു:  ഇന്ത്യന്‍ താരവും ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവുമായ റോബിന്‍ ഉത്തപ്പ അടുത്ത രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടി കളിക്കും. മറ്റു സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കാനുള്ള എന്‍.ഒ.സി ഉത്തപ്പക്ക് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയതോടെയാണ് താരം കേരളത്തിന് കളിക്കുമെന്ന കാര്യം ഉറപ്പായത്. 

കര്‍ണാടക ടീമുമായി 15 വര്‍ഷത്തോളം നീണ്ടു നിന്ന ബന്ധം അവസാനിപ്പിച്ചാണ് ഉത്തപ്പ കേരളത്തിലെത്തുന്നത്. 2002ല്‍ 17-ാം വയസ്സിലാണ് തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയ ഉത്തപ്പ അന്നു മുതല്‍ കര്‍ണാടകത്തിന്റെ താരമായതാണ്. താരവുമായി കരാര്‍ നീട്ടാന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമിച്ചെങ്കിലും ഉത്തപ്പ താത്പര്യം കാണിച്ചില്ല. 

കഴിഞ്ഞ രഞ്ജി സീസണില്‍ കര്‍ണാടകയ്ക്ക് വേണ്ടി ആറു മത്സരം മാത്രമാണ് ഉത്തപ്പ കളിച്ചത്. അതാണ് ഉത്തപ്പ കര്‍ണാടക ടീം വിടാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. കരുണ്‍ നായര്‍, കെ.എല്‍.രാഹുല്‍ തുടങ്ങിയ താരങ്ങള്‍ കര്‍ണാടക ടീമില്‍ എത്തിയതോടെ ഉത്തപ്പയ്ക്ക് അവസരം കുറയുകയായിരുന്നു.

130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 8793 റണ്‍സ് നേടിയ ഉത്തപ്പ 21 സെഞ്ചുറിയും 48 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്. 2014/15 സീസണില്‍ കര്‍ണാടക രഞ്ജി ചാന്പ്യന്‍മാരായതും ഉത്തപ്പയുടെ ചിറകിലേറിയായിരുന്നു. സീസണില്‍ മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും നേടിയ ഉത്തപ്പ 50.34 ശരാശരിയില്‍ 1,158 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലും പ്രഥമ ടി ട്വന്റിലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. 

1996-ല്‍ ശ്രീലങ്കയെ ലോകകപ്പ് വിജയത്തിലെത്തിച്ച ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡേവ് വാട്‌മോറാണ് വരുന്ന സീസണില്‍ കേരള രഞ്ജി ടീമിന്റെ പരിശീലകനാകുന്നത്. ജലജ് സക്‌സേന, ഇക്ബാല്‍ അബ്ദുള്ള, ഭവിന്‍ താക്കര്‍ തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ സീസണില്‍ കേരളത്തിന് വേണ്ടി കളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തപ്പയുടെ വരവ്. സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, സന്ദീപ് വാര്യര്‍ തുടങ്ങി കേരള താരങ്ങള്‍ക്കൊപ്പം ഉത്തപ്പയും കൂടി ചേരുന്നതോടെ രഞ്ജിയില്‍ കേരളം പുതിയ തുടക്കമാണ് പ്രതീക്ഷിക്കുന്നത്.