ബെംഗളൂരു: 2006-ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ റോബിൻ ഉത്തപ്പ അവസാനമായി ഒരു മത്സരം കളിച്ചത് 2015-ലാണ്. അതിനുശേഷം ഇന്ത്യൻ ജഴ്സി അണിഞ്ഞിട്ടില്ല. ഇതിനിടയിൽ 46 ഏകദിനങ്ങളിലും 13 ട്വന്റി-20യിലും ഇന്ത്യൻ താരം കളിച്ചു. 2007-ൽ വെസ്റ്റിൻഡീസിൽ നടന്ന ഏകദിന ലോകകപ്പിലും അതേ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി-20 ലോകകപ്പിലും ഇന്ത്യൻ ടീമംഗമായിരുന്നു ഉത്തപ്പ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിറം മങ്ങിപ്പോയെങ്കിലും ഐ.പി.എല്ലിലെ കരുത്തുറ്റ ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഉത്തപ്പ. ഇതുവരെ 3380 റൺസാണ് ഐ.പി.എല്ലിൽ ഉത്തപ്പ നേടിയത്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകാത്തത് ഇപ്പോഴും ഉത്തപ്പയെ സങ്കടപ്പെടുത്തുന്ന കാര്യമാണ്. ഒരു ടെസ്റ്റെങ്കിലും കളിക്കുക എന്നതാണ് താരത്തിന്റെ സ്വപ്നം.

ഈ ആഗ്രഹവുമായി 25-ാം വയസ്സിൽ ഉത്തപ്പ ബാറ്റിങ് ടെക്നിക്കിൽ മാറ്റം വരുത്തി. കൂടുതൽ സമയം ക്രീസിൽ നിന്ന് ബാറ്റു ചെയ്യാവുന്ന, സ്ഥിരതയോടെ കളിക്കാവുന്ന തരത്തിലേക്കായിരുന്നു ഉത്തപ്പ പരിശീലനം നേടിയത്. ബാറ്റിങ്ങിലെ അക്രമോണത്സുകതയും ഉത്തപ്പ മാറ്റിവെച്ചു. എന്നാൽ അപ്പോഴേക്കും സമയം അതിക്രമിച്ചുപോയിരുന്നുവെന്നും 20-21 വയസ്സിലാണ് ബാറ്റിങ് രീതിയിൽ മാറ്റം വരുത്തുന്നതെങ്കിൽ ടെസ്റ്റ് കളിക്കാൻ കഴിയുമായിരുന്നെന്നും ഉത്തപ്പ പറയുന്നു. ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിന്റെ ലൈവ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

Content Highlights: Robin Uthappa about test Cricket