മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്. ഇന്ത്യന്‍ ടീമിനായി ഒരിക്കല്‍ക്കൂടി ഓപ്പണിങ്ങിന് ഇറങ്ങി സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും തകര്‍ത്തടിച്ച മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.

ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

പ്രായം പ്രതിഭയ്ക്ക് വെല്ലുവിളിയല്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു സെവാഗിന്റേത്. 57 പന്തില്‍ 11 ബൗണ്ടറികളോടെ 74 റണ്‍സെടുത്ത സെവാഗാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 29 പന്തുകള്‍ നേരിട്ട സച്ചിന്‍ ഏഴു ബൗണ്ടറികളടക്കം 36 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 83 റണ്‍സ് ചേര്‍ത്തു. സുലൈമാന്‍ ബെന്നിന്റെ ഒരു ഓവറില്‍ സച്ചിന്‍ തുടര്‍ച്ചയായി നാലു ബൗണ്ടറികള്‍ നേടി.

എന്നാല്‍, ബെന്നിന്റെ നാലാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ജേക്കബ്സിന് പിടികൊടുത്ത് സച്ചിന്‍ മടങ്ങി. മുഹമ്മദ് കൈഫ് 14 റണ്‍സെടുത്തപ്പോള്‍ മന്‍പ്രീത് ഗോണി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

പിന്നീടെത്തിയ യുവ്‌രാജ് സിങ് രാംനരൈനിനെ സിക്‌സറിന് പറത്തി. 19-ാം ഓവറില്‍ ഒരു ബൗണ്ടറിയോടെ യുവി ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 150 റണ്‍സെടുത്തത്.

41 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സുമായി 61 റണ്‍സെടുത്ത ശിവ്‌നരെയ്ന്‍ ചന്ദര്‍പോളാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ഡാരന്‍ ഗംഗ 32 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ 17 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി സഹീര്‍ഖാന്‍, മുനാഫ് പട്ടേല്‍, പ്രഗ്യാന്‍ ഓജ, എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: Road Safety World Series India Legends beat WI Legends by 7 wickets