റായ്പുര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ലെജന്റ്‌സിന് തോല്‍വി. ഇംഗ്ലണ്ട് ലെജന്റ്‌സിനോട് ആറു റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 

ഇംഗ്ലണ്ട് ലെജന്റ്‌സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണ്. ഇംഗ്ലണ്ടിന്റെ രണ്ടാം ജയവും. സ്‌കോര്‍: ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴിന് 188; ഇന്ത്യ 20 ഓവറില്‍ ഏഴിന് 182.

ക്യാപ്റ്റന്റെ കളി പുറത്തെടുത്ത പീറ്റേഴ്സന്റെ വെടിക്കെട്ട് ബാറ്റിങും (75) മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ മോണ്ടി പനേസറുടെ ബൗളിങ്ങുമാണ് ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായകമായത്.

ഇര്‍ഫാന്‍ പത്താന്‍ (61*), മന്‍പ്രീത് ഗോണി (35*), യുവ്‌രാജ് സിങ് (22) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

വമ്പന്‍ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലേ തകര്‍ന്നു. വിരേന്ദര്‍ സെവാഗ് (6), മുഹമ്മദ് കൈഫ് (1), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (9) എന്നിവര്‍ പെട്ടെന്ന് മടങ്ങി.

പിന്നീട് എട്ടാം വിക്കറ്റില്‍ ഒന്നിച്ച ഇര്‍ഫാന്‍ പത്താന്‍ - ഗോണി സഖ്യം പൊരുതിയെങ്കിലും ആറു റണ്‍സകലെ പോരാട്ടം അവസാനിച്ചു.

Content Highlights: Road Safety World Series 2021 England Legends beat India Legends