ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്കായി വിജയ റണ്‍ ബൗണ്ടറിയിലൂടെ ഋഷഭ് പന്ത് നേടുമ്പോള്‍ അതിലേറ്റവും സന്തോഷിച്ച വ്യക്തികളിലൊരാളാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമാണത് എന്ന് വാഷിങ്ടണ്‍ സുന്ദര്‍ വ്യക്തമാക്കി. 'ഋഷഭും ഞാനും അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ ജയിക്കാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ്. ഋഷഭ് പന്ത് നേടിയ വിജയറണ്‍ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്. ഗാബയില്‍ ഇന്ത്യന്‍ കൊടിയും പിടിച്ച് നടന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല'-സുന്ദര്‍ പറഞ്ഞു.
ഇന്ത്യയുടെ ജയത്തിന് സുന്ദര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. നാലാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച താരം 84 റണ്‍സും 4 വിക്കറ്റുകളും സ്വന്തമാക്കി. രണ്ടാമിന്നിങ്‌സില്‍ പന്തിനൊപ്പം ആറാം വിക്കറ്റില്‍ 53 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്താനും താരത്തിന് കഴിഞ്ഞു.
Content Highlights: Rishabh Pant's winning four was the best feeling of my life, says Washington Sundar