ശസ്ത്രക്രിയ വിജയകരമെന്ന് പന്തിന്റെ ട്വീറ്റ്; പ്രതികരണം അപകടം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം


Photo: AFP

ന്യൂഡല്‍ഹി: ഡിസംബര്‍ 30-ന് നടന്ന വാഹനാപകടത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. തന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പരിക്കുകള്‍ ഭേദമാകുന്നതിനും വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കുമായുള്ള കാത്തിരിപ്പിലാണെന്നും പന്ത് ട്വീറ്റ് ചെയ്തു. അപകടത്തിന് ശേഷം തനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ആശംസകള്‍ക്കും താരം നന്ദിയറിയിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ 30-ാം തീയതി പുലര്‍ച്ചെയാണ് പന്ത് ഓടിച്ച കാര്‍ ഡല്‍ഹി - ദെഹ്റാദൂണ്‍ ദേശീയപാതയിലെ മംഗളൗരിയില്‍ അപകടത്തില്‍പ്പെട്ടത്. അതിവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകത്തി. തീപിടിച്ചുകൊണ്ടിരുന്ന കാറിനുള്ളിലായിരുന്ന പന്തിനെ അതുവഴിവന്ന ഹരിയാണ റോഡ്‌വെയ്‌സ് ബസ് ഡ്രൈവര്‍ സുശീല്‍ മാന്നും കണ്ടക്ടര്‍ പരംജീത്തും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍ പൂര്‍ണമായും കത്തിനശിച്ചു.

അതേസമയം പരിക്കേറ്റ് ചികിത്സയിലുള്ള പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ഒന്നര വര്‍ഷത്തോളം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ പൂര്‍ണമായും ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനാല്‍ ചികിത്സയ്ക്ക് ശേഷവും മാസങ്ങളോളം വിശ്രമം ആവശ്യമായി വന്നേക്കും. ഇതോടെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെ കൂടുതല്‍ മത്സരങ്ങള്‍ പന്തിന് നഷ്ടമാകും.

ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവ പന്തിന് നഷ്ടമാകുമെന്ന്
ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇതിനുപുറമേ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പകുതിയോളം മത്സരങ്ങളും 2024 ഐ.പി.എല്ലും അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പും അടുത്ത ഏഷ്യാ കപ്പും താരത്തിന് നഷ്ടമായേക്കും.

നിലവില്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലുള്ള പന്ത് ചികിത്സ പൂര്‍ത്തിയാകും വരെ അവിടെ തന്നെ തുടരും. അപകടത്തിനു ശേഷം ദെഹ്റാദൂണിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി ആകാശമാര്‍ഗം മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അപകടത്തില്‍ പന്തിന്റെ വലത് കാല്‍മുട്ടിന്റെ ലിഗമെന്റിനേറ്റ പരിക്ക് ഭേദമാകാനാണ് കൂടുതല്‍ സമയമെടുക്കുക. ഇതിനുപുറമേ വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍, നെറ്റി എന്നിവിടങ്ങളിലും താരത്തിന് പരിക്കേറ്റിരുന്നു.

കാല്‍മുട്ടിലെ ലിഗമെന്റിനേറ്റ പരിക്കില്‍ ഇതിനോടകം രണ്ട് ശസ്ത്രക്രിയയും കഴിഞ്ഞു. വിക്കറ്റിന് പിന്നിലെ ചടുലമായ നീക്കങ്ങള്‍ക്ക് കാല്‍മുട്ടിലെ പരിക്ക് ഭേദമാകേണ്ടത് ഏറെ നിര്‍ണായകമാണ്. തിരക്കുപിടിച്ച് പരിക്ക് ഭേദമാക്കാനാകില്ലെന്നും ചികിത്സ കഴിഞ്ഞ് കായികക്ഷമത വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും പന്തിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Rishabh Pant tweets days after horrific car accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented