അഡ്‌ലെയ്ഡ്: യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ എം.എസ് ധോനിയുടെ പിന്മുറക്കാരനായാണ് ആരാധകര്‍ കാണുന്നത്. എന്നാല്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഇരുവരുടേയും സമീപനം രണ്ടറ്റത്താണ്.

ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന തരത്തിലാണ് ധോനി സംസാരിക്കുക. എന്നാല്‍ സ്ലെഡ്ജിങ്ങിലൂടെ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കാനാണ് പന്തിന്റെ ശ്രമം. അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ പന്തിന്റെ ഒരു ഡയലോഗ് സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

ഇവിടെ എല്ലാവരും പൂജാരയല്ല എന്നായിരുന്നു പന്ത് പറഞ്ഞത്. ഉസ്മാന്‍ ഖ്വാജ ബാറ്റു ചെയ്യുമ്പോഴായിരുന്നു ഇത്. ടെസ്റ്റിന്റെ ഒന്നാം ദിനം പൂജാരയുടെ സെഞ്ചുറി ഇന്നിങ്‌സാണ് ഇന്ത്യയെ രക്ഷിച്ചത്. ഇതുദ്ദേശിച്ചാണ് പന്ത് അത്തരത്തില്‍ ഖ്വാജയോട് പറഞ്ഞത്. ഖ്വാജയുടെ ശ്രദ്ധ തിരിക്കാനും ആത്മവിശ്വാസം ഇല്ലാതാക്കാനുമായിരുന്നു ഇത്. ചില ആരാധകര്‍ ഈ സ്ലെഡ്ജിങ്ങിനെ സ്വീകരിച്ചപ്പോള്‍ മറ്റു ചിലര്‍ പന്തിനെ വിമര്‍ശിച്ചു. 

Content Highlights: Rishabh Pant sledges struggling Aussies from behind the stumps