ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതിനെ വിമര്‍ശിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി യുവതാരം ഋഷഭ് പന്ത് രംഗത്ത്. ദയവ് ചെയ്ത് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ തന്നെ അനുവദിക്കൂവെന്നും പന്ത് ട്വീറ്റ് ചെയ്തു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താരം പ്രതികരിച്ചത്.

നിലവില്‍ ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‌ കളിക്കുന്ന താരം മികച്ച ഫോമിലാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 63 പന്തില്‍ പുറത്താകാതെ 128 റണ്‍സ് നേടിയിരുന്നു ഋഷഭ്. എന്നാല്‍ ഇത്രയും മികച്ച രീതിയില്‍ കളിച്ചിട്ടും ഋഷഭിനെ സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും അഫ്ഗാനിസ്ഥാന്‍, അയര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ക്കെതിരെയുള്ള ടീമിലും ഋഷഭ് ഇടം നേടിയിരുന്നില്ല. തുടര്‍ന്ന് സെലക്ടമാരെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഋഷഭിന്റേതെന്ന് അവകാശപ്പെടുന്ന ഒരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിലുള്ള ദേഷ്യമാണ് ഹൈദരാബാദിനെതിരായ സെഞ്ചുറിയിലൂടെ പുറത്തുവന്നത് എന്നതായിരുന്നു ആ പ്രസ്താവന. സെലക്ടര്‍മാര്‍ തന്റെ പ്രകടനം കാണുമെന്നും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അര്‍ഹതയുള്ളവനാണ് താനെന്ന് സെലക്ടര്‍മാര്‍ തിരിച്ചറിയുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും പന്ത് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളയുന്നതാണ് യുവതാരത്തിന്റെ ട്വീറ്റ്.

Content Highlights: Rishabh Pant Scoffs At Rumours Of Being Upset About Team India Cold Shoulder