ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് രണ്ടാം ഏകദിനത്തില്‍ കളിച്ചേക്കില്ല. രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനായി പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍ പന്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ സംഘത്തിനൊപ്പം പന്ത് പിന്നീട് ചേരുമെന്ന് ബി.സി.സി.ഐ അറിയിച്ചു.
44-ാം ഓവറില്‍ ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബോള്‍ ഹെല്‍മറ്റില്‍ കൊണ്ട് കണ്‍കഷന്‍ നേരിട്ട പന്ത് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പകരം കെ.എല്‍. രാഹുലാണ് വിക്കറ്റ് കീപ്പറായത്.
ബാറ്റില്‍ തട്ടിയശേഷമാണ് ബോള്‍ ഹെല്‍മറ്റില്‍ കൊണ്ടത്. ആ ബോളില്‍ പന്ത് ഔട്ടാകുകയും ചെയ്തിരുന്നു. ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പന്ത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. രാജ്‌കോട്ട് ഏകദിനത്തില്‍ പന്തിന് വിശ്രമമനുവദിക്കുമോ അതോ കളിപ്പിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Content Highlights: Rishabh Pant injured rajkot ODI