Photo: Screengrab & AFP
മാഞ്ചെസ്റ്റര്‍: ഓള്‍ഡ് ട്രാഫഡില്‍ ഞായറാഴ്ച നടന്ന പരമ്പര വിജയികളെ നിശ്ചയിച്ച മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു (2-1). ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടതാണ്. എന്നാല്‍ ഋഷഭ് പന്തിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും കൂട്ടുകെട്ട് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ഇപ്പോഴിതാ മത്സരശേഷമുള്ള ഋഷഭ് പന്തിന്റെ ഒരു പ്രവൃത്തി ആരാധകരുടെ ശ്രദ്ധനേടുകയാണ്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട പന്ത് തനിക്ക് ലഭിച്ച ഷാംപെയ്ന്‍ ബോട്ടില്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് സമ്മാനിക്കുകയായിരുന്നു. സമ്മാനദാന ചടങ്ങിന് ശേഷമായിരുന്നു ഇത്.
പോഡിയത്തിനടുത്ത് നിന്ന് ശാസ്ത്രിക്കടുത്തേക്ക് വന്ന പന്ത് അദ്ദേഹത്തെ കെട്ടിപ്പിടിച്ച ശേഷം കൈയിലുണ്ടായിരുന്ന ബോട്ടില്‍ അദ്ദേഹത്തിന് കൈമാറുകയായിരുന്നു. രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരിക്കുമ്പോള്‍ ടീമിലുണ്ടായിരുന്നയാളാണ് പന്ത്. രാഹുല്‍ ദ്രാവിഡിന് വഴിമാറിക്കൊടുത്തെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളുമായി മികച്ച ബന്ധം ശാസ്ത്രി കാത്തുസൂക്ഷിക്കുന്നുണ്ട്.
മത്സരത്തില്‍ തന്റെ കന്നി ഏകദിന സെഞ്ചുറി കുറിച്ച പന്ത് ഇംഗ്ലീഷ് മണ്ണില്‍ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 113 പന്തില്‍ നിന്ന് 16 ഫോറും രണ്ട് സിക്സുമടക്കം 125 റണ്‍സോടെ പുറത്താകാതെ നിന്ന പന്ത് കളിയിലെ താരമാകുകയും ചെയ്തു.
പരമ്പര വിജയികളെ നിശ്ചയിച്ച മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ 16.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച പന്ത് - ഹാര്‍ദിക് സഖ്യമാണ് 133 റണ്‍സ് കൂട്ടുകെട്ടിലൂടെ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..