അഡ്ലെയ്ഡ്: ഋഷഭിന്റെ പേരിനൊപ്പം മാത്രമല്ല പന്തുള്ളത്, ഹൃദയത്തില്‍ കൂടിയാണ്. ക്രിക്കറ്റ് പന്തിനോട് അത്രയ്ക്ക് പ്രിയമാണ് ഋഷഭിന്. അഡ്ലെയ്ഡില് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ക്യാച്ചുകളുടെ എണ്ണത്തില്‍ ലോക റെക്കോഡ് പ്രകടനമാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ പുറത്തെടുത്തത്.
മഹേന്ദ്ര സിങ് ധോനിയുടെ പിന്‍ഗാമിയായി ഓസീസ് മണ്ണില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായെത്തിയ ഋഷഭ് പന്ത് അഡ്ലെയ്ഡ് ടെസ്റ്റില്‍ സ്വന്തമാക്കിയത് 11 ക്യാച്ചുകളാണ്! ഒന്നാം ഇന്നിങ്സില്‍ ആറും രണ്ടാം ഇന്നിങ്സില്‍ അഞ്ചും. ഇതോടെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെന്ന റെക്കോഡില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാക്ക് റസ്സലിനും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്സിനും ഒപ്പമെത്തി ഇന്ത്യന്‍ താരം. 1995-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഹന്നാസ്ബര്‍ഗിലാണ് റസ്സല്‍ 11 ക്യാച്ചെടുത്തത്. 2013ല്‍ പാകിസ്താനെതിരെ ജോഹന്നാസ്ബര്‍ഗിലായിരുന്നു ഡിവില്ലിയേഴ്സിന്റെ നേട്ടം.
രണ്ടാം ഇന്നിങ്സില്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ നഥാന്‍ ലിയോണിന്റെ ക്യാച്ച് കൈവിട്ടില്ലായിരുന്നെങ്കില്‍ റെക്കോഡ് ഋഷഭിന് ഒറ്റക്ക് സ്വന്തമാക്കാമായിരുന്നു. ഒന്നാം ഇന്നിങ്സില്‍ ഉസ്മാന് ഖ്വാജ, പീറ്റര്‍ ഹാന്‍ഡ്സ്കോംപ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ് എന്നിവരുടെ ക്യാച്ചു സ്വന്തമാക്കിയ പന്ത് രണ്ടാം ഇന്നിങ്സില്‍ ആരോണ്‍ ഫിഞ്ച്, റയാന് ഹാരിസ്, ഷോണ്‍ മാര്‍ഷ്, ടിം പെയ്ന്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെയും ക്യാച്ചിലൂടെ പുറത്താക്കി.
ക്യാച്ചുകളുടെ എണ്ണത്തില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ റെക്കോര്‍ഡും ഇനി ഋഷഭിന്റെ പേരിലാണ്. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണില്‍ 10 ക്യാച്ചു സ്വന്തമാക്കിയ വൃദ്ധിമാന്‍ സാഹയുടെ റെക്കോര്‍ഡാണ് ഋഷഭ് മറികടന്നത്. ഓസ്ട്രേലിയയ്ക്കെതിരെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന മഹേന്ദ്രസിങ് ധോനിയുടെ റെക്കോഡും ഋഷഭ് സ്വന്തമാക്കി. 2014ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ധോനി നേടിയ ഒന്‍പതു ക്യാച്ചുകളുടെ റെക്കോര്‍ഡാണ് യുവതാരം മറികടന്നത്.
നേരത്തെ, ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തമാക്കിയിരുന്നു. അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസീസിന്റെ ആറു ക്യാച്ചുകള്‍ കയ്യിലൊതുക്കിയാണ് ഋഷഭ് റെക്കോഡിട്ടത്.
Content Highlights: Rishabh Pant equals world record for most catches in a Test India vs Australia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..