ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ നിര്‍ണായകസാന്നിധ്യമായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ പേരില്‍ പുതിയൊരു റെക്കോഡ്. രണ്ടാമിന്നിങ്‌സില്‍ 89 റണ്‍സ് നേടി പുറത്താവാതെ നിന്ന പന്ത് മത്സരത്തിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടു. അതിനോടൊപ്പം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ ഒരു റെക്കോഡും താരം മറികടന്നു.

ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളില്‍ അതിവേഗത്തില്‍ 1000 റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാണ് പന്ത് സ്വന്തമാക്കിയത്. 26 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. ഇതിനുമുന്‍പ് അതിവേഗത്തില്‍ 1000 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് കൈയടക്കിയിരുന്നത് ധോനിയായിരുന്നു. ധോനിയ്ക്ക് ഈ നേട്ടത്തിലെത്താന്‍ 32 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു.

അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ 976 റണ്‍സാണ് പന്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. മത്സരത്തില്‍ 23 റണ്‍സ് പിന്നിട്ടതോടെ താരം പുതിയ റെക്കോഡ് സ്വന്തമാക്കി. ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളില്‍ 1000 റണ്‍സ് പൂര്‍ത്തീകരിക്കുന്ന ഏഴാമത്തെ വിക്കറ്റ്കീപ്പര്‍ കൂടിയാണ് പന്ത്. 

Content Highlights: Rishabh Pant breaks MS Dhoni's record at Gabba