ബെംഗളൂരു: ടിട്വന്റി ക്രിക്കറ്റില്‍ റെക്കോഡ് സൃഷ്ടിച്ച് ഡല്‍ഹിയുടെ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്. ടിട്വന്റിയില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയും ടിട്വന്റിയിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയുമാണ് യുവതാരം സ്വന്തം പേരില്‍ കുറിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു റിഷഭിന്റെ റെക്കോഡ് പ്രകടനം. 

32 പന്തിലാണ് റിഷഭ് സെഞ്ചുറി കുറിച്ചത്. ഇന്നിങ്‌സിലാകെ എട്ടു ഫോറിന്റെയും 12 സിക്‌സിന്റെയും അകമ്പടിയോടെ റിഷഭ് 38 പന്തില്‍ 116 റണ്‍സടിച്ചു. ടിട്വന്റിയിലെ ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ താരത്തിന്റെ സെഞ്ചുറി രോഹിത് ശര്‍മ്മയുടെ പേരിലായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞ മാസമാണ് രോഹിത് 35 പന്തില്‍ സെഞ്ചുറി കുറിച്ചത്.

നിലവില്‍ 30 പന്തില്‍ സെഞ്ചുറി നേടിയ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ മാത്രമാണ് റിഷഭിന് മുന്നിലുള്ളത്. രോഹിതിന്റെയും ഗെയ്‌ലിന്റെയും പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും റിഷഭിന്റെ പ്രകടനം ആഭ്യന്തര മത്സരത്തിലുമായിരുന്നുവെന്ന വ്യത്യാസം ഈ റെക്കോഡ് പ്രകടനത്തിനുണ്ട്.

മത്സരത്തില്‍ പത്തു വിക്കറ്റിന്റെ ഗംഭീരവിജയവും ഹിമാചലിനെതിരെ ഡല്‍ഹി സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഹിമാചല്‍ 148 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡല്‍ഹിക്ക് മുന്നില്‍വെച്ചത്. എന്നാല്‍ റിഷഭിന്റെ സൂപ്പര്‍ പ്രകടനത്തില്‍ 50 പന്തുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹി വിജയിക്കുകയായിരുന്നു. 33 പന്തില്‍ 30 റണ്‍സുമായി ഓപ്പണര്‍ ഗൗതം ഗംഭീറും റിഷഭിന് പിന്തുണയുമായി പുറത്താകാതെ നിന്നു.