ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം 23-കാരനായ ഋഷഭ് പന്താണ്. കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ പന്തിനെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല. ഐ.പി.എല്ലിലെ മോശം ഫോം പന്തിനെ ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമുകളില്‍ നിന്നും പുറത്തേക്ക് നയിച്ചു. വിക്കറ്റ് കീപ്പര്‍ സ്ഥാനം പോലും കെ.എല്‍ രാഹുലിന് കൈമാറുന്നത് യുവതാരത്തിന് കണ്ടുനില്‍ക്കേണ്ടി വന്നു.

എന്നാല്‍ സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ പന്ത് ഫിറ്റ്‌നസിന്റെ കാര്യത്തിലടക്കം കഠിനാധ്വാനം ചെയ്തു. പിന്നാലെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയില്‍ പന്തിന്റെ തിരിച്ചുവരവ് നാം കണ്ടു. മാച്ച് വിന്നറായി പേരെടുത്ത പന്ത് തുടര്‍ന്ന് നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചു. പിന്നാലെ ഇത്തവണത്തെ ഐ.പി.എല്ലില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം പന്തിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. 

ഇപ്പോഴിതാ ഭാവിയില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനായി പന്തിനെ പരിഗണിച്ചാലും അത് തന്നെ അദ്ഭുതപ്പെടുത്തില്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. 

''എല്ലാ ഫോര്‍മാറ്റിലുമായി മികച്ച ഏതാനും മാസങ്ങളാണ് ഋഷഭ് പന്തിന്റേതായി കടന്നുപോയത്. സമീപ ഭാവിയിയില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി സെലക്ടര്‍മാര്‍ പരിഗണിക്കുന്നവരില്‍ മുന്‍നിരയില്‍ പന്തിനെ കണ്ടാല്‍ അതെന്നെ ഒട്ടും അദ്ഭുതപ്പെടുത്തില്ല. പന്തിന്റെ ആക്രമണ ക്രിക്കറ്റ് ഭാവിയില്‍ ഇന്ത്യയെ നല്ലനിലയിലെത്തിക്കും.'' - അസ്ഹറുദ്ദീന്‍ പറഞ്ഞു.

Content Highlights: Rishabh Pant being considered for India captaincy in future will not be a surprise