മെല്‍ബണ്‍: ഇന്ത്യ - ഓസ്‌ട്രേലിയ ക്രിക്കറ്റ് ബന്ധത്തെ തന്നെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു 2008-ലെ മങ്കിഗേറ്റ് സംഭവം. 2008-ല്‍ സിഡ്‌നിയില്‍  നടന്ന രണ്ടാം ടെസ്റ്റിനിടെ ഓസീസ് ഓള്‍റൗണ്ടര്‍ സൈമണ്ട്സിനെ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വംശീയമായി അധിക്ഷേപിച്ചു എന്ന പരാതിയാണ് സംഭവം വിവാദമാക്കിയത്.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം മങ്കിഗേറ്റ് വിവാദം തന്റെ ക്യാപ്റ്റന്‍സി കരിയറിലെ ഏറ്റവും മോശം നിമിഷമായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്.

അന്ന് കാര്യങ്ങളെല്ലാം തന്റെ കൈവിട്ട് പോയിരുന്നുവെന്ന് പോണ്ടിങ് പറഞ്ഞു. ആ വിവാദം തങ്ങളെ വല്ലാതെ അലട്ടിയിരുന്നു. പിന്നാലെ പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിയും ഏറെ നിരാശ നല്‍കുന്നതായിരുന്നുവെന്നും പോണ്ടിങ് പറഞ്ഞു. സ്‌കൈ സ്‌പോര്‍ട്‌സ് പോഡ്കാസ്റ്റിലാണ് പോണ്ടിങ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

ഹര്‍ഭജനെതിരേ ഓസീസ് ടീം പരാതി നല്‍കിയതിനു പിന്നാലെ പര്യടനത്തില്‍ നിന്ന് പിന്മാറുമെന്ന് ഇന്ത്യ വ്യക്തമാക്കി. സംഭവത്തില്‍ പിന്നീട് ഹര്‍ഭജന്‍ കുറ്റവിമുക്തനായി. എന്നാല്‍ ഈ വിവാദത്തിനു പിന്നാലെ സൈമണ്ട്‌സിന്റെ കരിയര്‍ താഴേക്ക് പതിച്ചു.

അന്ന് നടന്ന വാദം കേള്‍ക്കലില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ഭജന് അനുകൂലമായി മൊഴി നല്‍കുകയായിരുന്നു.

Content Highlights: Ricky Ponting reveals details of Monkeygate scandal