സിഡ്നി: ട്വന്റി-20 ലോകകപ്പിലേക്കായി ഓസ്ട്രേലിയ ഇതുവരെ വിക്കറ്റ് കീപ്പറെ പോലും തിരഞ്ഞെടുത്തിട്ടില്ലെന്ന് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഓസീസിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി താൻ ചൂണ്ടിക്കാണിച്ച പേര് വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഓസീസ് ടീമിൽ ഇല്ലെന്നും പോണ്ടിങ് വ്യക്തമാക്കി.

'വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ തിരഞ്ഞാകും ഓസീസ് ഇപ്പോൾ കുഴങ്ങുന്നത്. അവരുടെ ഉറക്കം തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാകും. ലോകകപ്പിന് തങ്ങളുടെ ടീം എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ച് പല ചോദ്യങ്ങൾക്കും അവർക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം വിക്കറ്റിന് പിന്നിൽ ആരു നിൽക്കും എന്നതാണ്.' cricket.com.au-ന് ൽകിയ അഭിമുഖത്തിൽ പോണ്ടിങ് പറയുന്നു.

ലോവർ ഓർഡറിൽ ഒരു ഫിനിഷറുടെ അഭാവവും ഓസ്ട്രേലിയൻ ടീമിലുണ്ടെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടുന്നു. എംഎസ് ധോനി, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ് എന്നിവരെപ്പോലെയുള്ള ഒരു ഫിനിഷർ ഓസീസ് ടീമിൽ ഇല്ലെന്നും അത് ടീമിന് തലവേദനയാണെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

Content Highlights: Ricky Ponting on T20 World Cup Cricket Australia