ലണ്ടന്‍: നിലവില്‍ വിസ്ഡന്‍ ട്രോഫിക്കായി നടക്കുന്ന ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പര അടുത്ത വര്‍ഷം മുതല്‍ റിച്ചാര്‍ഡ്‌സ് - ബോതം ട്രോഫിക്കായി വഴിമാറും. ഇരു ടീമുകളിലെയും ഇതിഹാസ താരങ്ങളായ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇയാന്‍ ബോതം എന്നിവര്‍ക്ക് ആദരവര്‍പ്പിച്ചുകൊണ്ട് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. 

വിസ്ഡന്‍ ട്രോഫിക്കായി നടക്കുന്ന അവസാന പരമ്പരയാകും ഇപ്പോള്‍ നടക്കുന്നത്. 1963 മുതലാണ് വിസ്ഡന്‍ ട്രോഫി അരങ്ങേറുന്നതും ഇതിനായി ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും പരസ്പരം ഏറ്റുമുട്ടുന്നതും. ഇനി ഈ ട്രോഫി ലോര്‍ഡ്‌സിലെ എം.സി.സി മ്യൂസിയത്തില്‍ സൂക്ഷിക്കും.

വിസ്ഡന്‍ ട്രോഫിക്കായി ഇംഗ്ലണ്ടും വിന്‍ഡീസും തമ്മില്‍ 27 പരമ്പരകള്‍ നടന്നിട്ടുണ്ട്. 14 പരമ്പരകള്‍ വിന്‍ഡീസ് സ്വന്തമാക്കിയപ്പോള്‍ ഒമ്പത് പരമ്പര വിജയങ്ങളാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്.

Content Highlights: Richards-Botham trophy for future England-West Indies Tests